25 പേർക്ക് സമൂഹ വിവാഹം അടുത്ത വർഷം; ഒരുക്കങ്ങളുമായി വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ

ഫിലാഡൽഫിയ: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന യുവതീ യുവാക്കൾക്ക് സഹായമേകുന്നതിനായി വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് സംഘടിപ്പിക്കുന്ന സമൂഹ വിവാഹം അടുത്ത വർഷം ഒക്ടോബർ 2-ന്. കോട്ടയത്തെ പ്രമുഖ ഓഡിറ്റോറിയത്തിൽ വച്ചാണ് സമൂഹ വിവാഹം നടക്കുക.

സാമ്പത്തിക പരിമിതികൾ കാരണം വിവാഹം നടത്താൻ സാധിക്കാത്ത 25 യുവ പേർക്ക് സൗജന്യമായി വിവാഹം നടത്തിക്കൊടുക്കുകയാണ് ലക്ഷ്യം. വിവാഹ ചടങ്ങിനോടനുബന്ധിച്ച് വരനും വധുവിനും സ്വർണ്ണാഭരണങ്ങൾ, വസ്ത്രങ്ങൾ, ബ്യൂട്ടീഷ്യൻ സേവനങ്ങൾ, ഓഡിറ്റോറിയം വാടക, ഫോട്ടോഗ്രഫി, വിഡിയോഗ്രഫി, ക്യാഷ് ഗിഫ്റ്റ് എന്നിവയെല്ലാം സംഘടിപ്പിച്ചിട്ടുണ്ട്.

ഓഡിറ്റോറിയം, വിവാഹ റജിസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങളിൽ അന്തിമ തീരുമാനങ്ങൾ എടുക്കുന്നതിനും അർഹരായ ദമ്പതികളെ തിരഞ്ഞെടുക്കുന്നതിനുമായി പ്രൊവിൻസ് പ്രസിഡന്‍റ് നൈനാൻ മത്തായിയുടെ വസതിയിൽ ജൂലൈ 14 ന് യോഗം ചേർന്നു. വിവിധ സബ്‌കമ്മിറ്റികളെ തിരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തിൽ നിന്നുള്ള അനുഭവസമ്പത്തുള്ളവരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ച് അപേക്ഷകരുടെ യോഗ്യത പരിശോധിക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പത്രങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പുറത്തുവിടും.

യോഗത്തിൽ പ്രൊവിൻസിന്‍റെ ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്‍റ് നൈനാൻ മത്തായി അധ്യക്ഷ പ്രസംഗം നടത്തി ഈ ഒക്ടോബർ മാസം തിരുവനന്തപുരത്തു വച്ച് നടക്കുന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ മീറ്റിങ്ങിൽ പങ്കെടുക്കുവാനായി അദ്ദേഹം കേരളത്തിൽ എത്തുമ്പോൾ സമൂഹ വിവാഹത്തിന്‍റെ കാര്യങ്ങളും ഏകോപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

ചെയർമാൻ മറിയാമ്മ ജോർജ് ആശംസാ പ്രസംഗത്തിൽ സമൂഹ വിവാഹത്തിന്‍റെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയും പ്രൊവിൻസിന്‍റെ നേതൃത്ത്വത്തിൽ ജൂൺ മാസം എട്ടാം തീയതി നടന്ന മദേഴ്‌സ് ആൻഡ് ഫാദേഴ്‌സ് ഡേയുടെ ആഘോഷ പരിപാടികൾ വിജയകരമാക്കി തീർക്കുവാൻ പ്രയത്നിച്ച എല്ലാ അംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു.

ട്രഷറർ തോമസ് കുട്ടി വർഗീസ് സമൂഹ വിവാഹവുമായി ബന്ധപ്പെട്ട കണക്കു വിവരങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. ഈ സമൂഹ വിവാഹത്തിന്‍റെ ഫണ്ട് ശേഖരണത്തിൽ സഹായിച്ച ഫിലാഡൽഫിയയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ, പ്രൊവിൻസിന്‍റെ അംഗങ്ങൾ കുടുംബാംഗങ്ങൾ, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ അംഗങ്ങൾ ഒപ്പം ഗ്ലോബൽ അംഗങ്ങൾ എന്നിവരോടുള്ള കടപ്പാടും പ്രതിജ്ഞതയും യോഗത്തിൽ അറിയിച്ചു. ബാക്കി ആവശ്യമായ സാമ്പത്തിക സഹായം കണ്ടെത്തുന്നതിൽ ഉദാരമതികളായ സ്പോൺസർമാരെ സമീപിക്കുവാനും പ്രൊവിൻസ് അംഗങ്ങൾ തീരുമാനിച്ചു. തോമസ്കുട്ടി വർഗീസ് നന്ദി പറഞ്ഞു.

More Stories from this section

family-dental
witywide