“ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾ ഏറെ പ്രസക്തം”: ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച ലോക മത പാർലമെന്റിൽ ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ: ജനങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള അസഹിഷ്ണുത വർധിക്കുന്ന സാഹചര്യത്തിൽ, ശ്രീ നാരായണഗുരുവിന്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച ലോക മത പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ എല്ലാ മനുഷ്യരും, മതത്തിനും വംശത്തിനും സാംസ്കാരിക വ്യത്യാസങ്ങൾക്കുമപ്പുറം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന വ്യക്തമായ സന്ദേശമാണ് ശ്രീനാരായണഗുരു നൽകിയത്. ജനങ്ങളുടെ സാമൂഹികവും മതപരവുമായ ഉന്നമനത്തിനായി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ആരോടും ഒരുതരത്തിലുള്ള വിരോധവും പാടില്ലെന്ന് അദ്ദേഹം നിർദേശിച്ചു.

ഖേദകരമെന്നു പറയട്ടെ, മതം, വംശം, നിറം, ഭാഷ മുതലായ വിഭാഗീയചിന്താഗതികൾ മൂലം അക്രമങ്ങളുണ്ടാകുന്നത് ഇക്കാലത്ത്‌ നിത്യസംഭവങ്ങളാണ്. സ്വന്തം മതവിശ്വാസത്തിലും മറ്റു വിശ്വാസങ്ങളിലും ഉറച്ചുനിന്നുകൊണ്ടുതന്നെ നല്ല മനുഷ്യ സമൂഹത്തെ വാർത്തെടുക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. അതിനായി നമുക്ക് ഒരുമിച്ചു നിൽക്കാം.

ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി, ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാൻ സ്‌ക്വയറിലെ അഗസ്റ്റിരിയൻ ഹാളിൽ നടന്ന ലോക മത പാർലമെന്റിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 പ്രതിനിധികൾ ഉൾപ്പെടെ ഇരുന്നൂറോളം പേർ പങ്കെടുത്തു.

World Parliament of Religions in Vatican

More Stories from this section

family-dental
witywide