ന്യൂയോർക്ക്: ഭൂമിയുടെ ജനസംഖ്യ 2080-കളുടെ മധ്യത്തിൽ ഏകദേശം 10.3(1030) ബില്യൺ ആളുകളായി ഉയരുമെന്നും പിന്നീട് ഒരു ദശകം മുമ്പ് പ്രതീക്ഷിച്ചതിലും വളരെ താഴ്ന്ന നിലയിലേക്ക് കുറയുമെന്നും ഐക്യരാഷ്ട്രസഭ അറിയിച്ചു. യു.എൻ. വ്യാഴാഴ്ച പുറത്തിറക്കിയ ‘ലോക ജനസംഖ്യാപ്രതീക്ഷകൾ: 2024’ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.
അടുത്ത 50-60 വർഷം ജനസംഖ്യ വളർന്നുകൊണ്ടേയിരിക്കും. 2080-കളാകുമ്പോൾ ആഗോള ജനസംഖ്യ 1030 കോടിയാകും. പിന്നീട് അത് പടിപടിയായി കുറഞ്ഞ് ഈ നൂറ്റാണ്ടിന്റെ അവസാനം 1020 കോടിയിലെത്തും.
2100-ൽ ലോകജനസംഖ്യ, 2013 ജൂണിൽ പ്രതീക്ഷിച്ചതിലും ആറ് ശതമാനം കുറവായിരിക്കും, അല്ലെങ്കിൽ 700 ദശലക്ഷം ആളുകൾ കുറവായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ ജനസംഖ്യ ഇപ്പോൾ 145 കോടിയാണ്. 2054-ൽ ഇത് 169 കോടിയെത്തും. പിന്നീട് കുറഞ്ഞ് 2100 ആകുമ്പോൾ 150 കോടിയാകും. അപ്പോഴും ഇന്ത്യയായിരിക്കും ജനസംഖ്യയിൽ ലോകത്ത് ഒന്നാമതെന്ന് റിപ്പോർട്ട് പറയുന്നു. 141 കോടി ജനങ്ങളുമായി ഇപ്പോൾ രണ്ടാംസ്ഥാനത്തുള്ള ചൈനയിൽ 2054-ൽ 121 കോടിപ്പേരാകും ഉണ്ടാകുക. ഇതു പിന്നെയും കുറഞ്ഞ് 2100-ഓടെ 63.3 കോടിയാകും. 2024-2054 കാലത്ത് ഏറ്റവുമധികം ജനസംഖ്യാനഷ്ടമുണ്ടാകുന്ന (20.4 കോടി) രാജ്യം ചൈനയായിരിക്കും. ജപ്പാൻ (2.1 കോടി), റഷ്യ (ഒരുകോടി) എന്നിവ ചൈനയ്ക്കുപിന്നിലുണ്ട്. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോൾ ഇപ്പോഴുള്ളതിന്റെ പകുതി ജനങ്ങളേ ചൈനയിലുണ്ടാകൂ. താഴ്ന്ന പ്രത്യുത്പാദനിരക്കാണ് ഇതിനു കാരണം.
ഇപ്പോൾ ലോകത്ത് ഏറ്റവുമധികം ജനങ്ങളുള്ള മൂന്നാം രാജ്യം യു.എസാണ്-34.5 കോടി. 2054-ൽ 38.4 കോടി ജനങ്ങളുമായി യു.എസ്. നാലാം സ്ഥാനത്താകും. ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോൾ 51.1 കോടിപ്പേരുമായി പാകിസ്താൻ മൂന്നാം സ്ഥാനത്തെത്തും.