ദുബായ്: ‘മിനിമം ഗവൺമെൻ്റ്, മാക്സിമം ഗവേണൻസ്’ എന്നതായിരുന്നു വർഷങ്ങളായി തൻ്റെ മന്ത്രമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതും അഴിമതി രഹിതവുമായ സർക്കാരുകളാണ് ലോകത്തിന് ഇന്ന് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം ലോക ഗവണ്‍മെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു.
“ഇന്ത്യൻ സർക്കാരിൻ്റെ ഉദ്ദേശ്യത്തിലും പ്രതിബദ്ധതയിലും ജനങ്ങൾക്ക് വിശ്വാസമുണ്ട്. ഞങ്ങൾ പൊതുവികാരങ്ങൾക്ക് മുൻഗണന നൽകിയതുകൊണ്ടാണ് ഇത് സാധ്യമായത്,” അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലും പ്രധാനമന്ത്രി എന്ന നിലയിലും താൻ 23 വർഷം സർക്കാരിൽ ചെലവഴിച്ചുവെന്നും ‘മിനിമം ഗവൺമെൻ്റ്, മാക്സിമം ഗവേണൻസ്’ എന്നതാണ് തൻ്റെ തത്വമെന്നും മോദി പറഞ്ഞു.
ഇന്ത്യൻ സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനും തൻ്റെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സാമൂഹികവും സാമ്പത്തികവുമായി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിനാണ് തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും 50 കോടിയിലധികം ആളുകളെ ബാങ്കിങ് സംവിധാനവുമായി ബന്ധപ്പെടുത്തിയെന്നും മോദി പറഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളുന്ന, എല്ലാവരെയും ഒപ്പം കൊണ്ടുപോകുന്ന, വൃത്തിയുള്ളതും അഴിമതി രഹിതവുമായ ഗവൺമെൻ്റുകളാണ് ഇന്ന് ലോകത്തിന് ആവശ്യം, അദ്ദേഹം ആവർത്തിച്ചു.
“ഒരു വശത്ത് ലോകം ആധുനികതയിലേക്ക് പുരോഗമിക്കുന്നു, മറുവശത്ത്, മുൻ നൂറ്റാണ്ടുകളിൽ നിന്നുള്ള വെല്ലുവിളികൾ തീവ്രമാവുകയാണ്,” അദ്ദേഹം ഓർമ്മിപ്പിച്ചു.