ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരെ ചുമത്തിയ താത്കാലിക വിലക്ക് നീക്കി യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ് (യു.ഡബ്ല്യു.ഡബ്ല്യു). തിരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താത്തതിനെ തുടര്‍ന്ന് 2023 ഓഗസ്റ്റ് 23-നാണ് യു.ഡബ്ല്യു.ഡബ്ല്യു താത്കാലികമായി വിലക്കിയത്. ദേശീയ ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് അവലോകനം ചെയ്യുന്നതിനായി ഫെബ്രുവരി ഒമ്പതിന് യു.ഡബ്ല്യു.ഡബ്ല്യു യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷം വിലക്ക് നീക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതിഷേധമുയര്‍ത്തിയ ഇന്ത്യന്‍ താരങ്ങളായ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവര്‍ക്കെതിരേ വിവേചനപരമായ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് രേഖാമൂലമുള്ള ഉറപ്പ് നല്‍കാന്‍ ദേശീയ ഫെഡറേഷനോട് ആഗോള സംഘടന നിര്‍ദേശിക്കുകയും ചെയ്തു.
ദേശീയ ഗുസ്തി ഫെഡറേഷനു കീഴില്‍ വരുന്ന എല്ലാ മത്സരങ്ങളിലും ഒളിമ്പിക്‌സ് അടക്കമുള്ള പ്രധാന ദേശീയ അന്തര്‍ദേശീയ മത്സരങ്ങള്‍ക്കുമുള്ള ട്രയല്‍സില്‍ യാതൊരു വിവേചനവുമില്ലാതെ എല്ലാ ഗുസ്തി താരങ്ങള്‍ക്കും പങ്കാളിത്തമുണ്ടാകുമെന്ന് ഫെഡറേഷന്‍ യു.ഡബ്ല്യു.ഡബ്ല്യുവിന് രേഖാമൂലമുള്ള ഉറപ്പ് നല്‍കണം.