എട്ടു വര്‍ഷത്തിനുള്ളില്‍ അതും നടക്കും, റോബോട്ടിക് സര്‍ജന്‍മാരുമായി ലോകത്തിലെ ആദ്യത്തെ തല മാറ്റിവയ്ക്കല്‍: അവകാശവാദവുമായി യു.എസ് സ്റ്റാര്‍ട്ടപ്പ് കമ്പനി

ഏറെ നാളത്തെ കാത്തിരിപ്പിനും ഊഹാപോഹങ്ങള്‍ക്കും വിട നല്‍കി റോബോട്ടിക് സര്‍ജന്‍മാരുമായി ലോകത്തിലെ ആദ്യത്തെ തല മാറ്റിവയ്ക്കല്‍ സംവിധാനം എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി. യുഎസില്‍ നിന്നുള്ള ന്യൂറോ സയന്‍സ് ആന്‍ഡ് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സ്റ്റാര്‍ട്ടപ്പായ ബ്രെയിന്‍ബ്രിഡ്ജാണ് തങ്ങള്‍ ലോകത്തിലെ ആദ്യത്തെ തല മാറ്റിവയ്ക്കല്‍ സംവിധാനം വികസിപ്പിക്കുകയാണെന്ന് അവകാശപ്പെട്ടത്. അവരുടെ വെബ്സൈറ്റ് പുറത്തുവിട്ട വിശദാംശങ്ങള്‍ അനുസരിച്ച്, ‘ന്യൂറോ സയന്‍സ്, ഹ്യൂമന്‍ എഞ്ചിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളിലെ നാഴികക്കല്ലായ നേട്ടത്തെ പ്രതിനിധീകരിക്കുന്ന ഒരു തകര്‍പ്പന്‍ ഉപകരണ സംവിധാനമാണിത്.

റോബോട്ടുകളുടെ സഹായത്തോടെ ബ്രെയിന്‍ബ്രിഡ്ജ് തല മാറ്റിവയ്ക്കല്‍ എങ്ങനെ ചെയ്യുമെന്ന് കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും അത് വൈറലാകുകയും ചെയ്തിട്ടുണ്ട്. ഒരേ സമയം രണ്ട് ശരീരങ്ങളില്‍ രണ്ട് ശസ്ത്രക്രിയാ റോബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് ആനിമേറ്റഡ് വീഡിയോയില്‍ കാണിക്കുന്നു. ദാദാവിന്റെ ശരീരത്തില്‍ നിന്ന്, അവര്‍ തല നീക്കം ചെയ്യുകയും സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ സ്ഥാപിക്കുകയും ചെയ്യുന്നു. ഈ സാങ്കേതികവിദ്യ യാഥാര്‍ത്ഥ്യമായാല്‍ റോബോട്ടുകള്‍ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതും ആനിമേഷന്‍ വ്യക്തമായി കാണിക്കുന്നു.

അത്യാധുനിക റോബോട്ടിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഉപയോഗിച്ച് തലയും മുഖവും മാറ്റിവയ്ക്കല്‍ നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനാല്‍ മെച്ചപ്പെട്ട ഫലങ്ങളും വേഗത്തിലുള്ള സുഖം പ്രാപിക്കലും നടക്കുമെന്നും ബ്രെയിന്‍ബ്രിഡ്ജ് അവകാശപ്പെടുന്നു. എല്ലാ പരീക്ഷണ ഘട്ടങ്ങളും വിജയിച്ചാല്‍ എട്ടു വര്‍ഷത്തിനുള്ളില്‍ യഥാര്‍ത്ഥത്തില്‍ തല മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ബ്രെയിന്‍ബ്രിഡ്ജ് ഈ വീഡിയോ മെയ് 22 നാണ് പങ്കിട്ടത്. പോസ്റ്റ് ചെയ്തതിന് ശേഷം ഇത് ഒമ്പത് ദശലക്ഷത്തിനടുത്ത് വ്യൂസ് നേടുകയും നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ലൈക്കുകളും കമന്റുകളും നേടുകയും ചെയ്തു. പലരിലും അസ്വസ്ഥത ഉളവാക്കുന്ന വീഡിയോ ദൃശ്യങ്ങളാണിതെന്ന് പറയാതെ വയ്യ.

നിരവധി പേരാണ് ഇത് യാഥാര്‍ത്ഥ്യമാകുമോ എന്ന സംശയം പങ്കുവെക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളും ആളുകള്‍ പങ്കുവയ്ക്കുന്നുമുണ്ട്.