ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക; യുഎസ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, ഇന്ത്യ 82; ഒന്നാമത് സിംഗപ്പൂർ

ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് സിംഗപ്പൂരിന്റേത്. മുൻകൂട്ടി വീസ എടുക്കാതെ സിംഗപ്പൂർ പാസ്പോർട്ട് ഉടമകൾക്ക് 195 രാജ്യങ്ങളിൽ പ്രവേശിക്കാം. 58 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ചുകൊണ്ട് ഇന്ത്യയുടെ പാസ്‌പോർട്ട് 82-ാം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ ഏറ്റവും വിപുലവും കൃത്യവുമായ ഡാറ്റാബേസ് പരിപാലിക്കുന്ന ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ്റെ (IATA) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. ഇന്ത്യയുടെ നിലവിലെ റാങ്ക് സെനഗൽ, താജിക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായാണ് മത്സരിക്കുന്നത്.

ഫ്രാൻസ്, ഇറ്റലി, ജർമ്മനി, സ്പെയിൻ എന്നീ രാജ്യങ്ങൾ ജപ്പാനൊപ്പം രണ്ടാം സ്ഥാനത്തെത്തി. ഈ രാജ്യങ്ങളുടെ പാസ്‌പോർട്ട് ഉടമകൾക്ക് 192 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനം നൽകുന്നുണ്ട്. റാങ്കിംഗിൽ മൂന്നാം സ്ഥാനത്ത്, ഓസ്ട്രിയ, ഫിൻലാൻഡ്, അയർലൻഡ്, ലക്സംബർഗ്, നെതർലാൻഡ്സ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ്. 191 രാജ്യങ്ങളിലേക്ക് പാസ്പോർട്ട് ഉടമകൾക്ക് വീസ രഹിത പ്രവേശനം അനുവദനീയമാണ്.

ന്യൂസിലാൻഡ്, നോർവേ, ബെൽജിയം, ഡെൻമാർക്ക്, സ്വിറ്റ്‌സർലൻഡ് എന്നിവയ്‌ക്കൊപ്പം യുണൈറ്റഡ് കിംഗ്ഡം നാലാം സ്ഥാനത്താണ്. ഓസ്‌ട്രേലിയയും പോർച്ചുഗലും അഞ്ചാം സ്ഥാനം പങ്കിട്ടപ്പോൾ 186 രാജ്യങ്ങളിലേക്ക് വീസ രഹിത പ്രവേശനവുമായി അമേരിക്ക എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ ജനപ്രിയ ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടെ 58 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാൻ പൗരന്മാർക്ക് അനുമതിയുള്ള ഇന്ത്യയുടെ പാസ്‌പോർട്ട് പട്ടികയിൽ 82-ാം സ്ഥാനത്താണ്. പാസ്‌പോർട്ട് ഉടമകൾക്ക് 33 രാജ്യങ്ങളിലേക്ക് പ്രവേശനം നൽകിക്കൊണ്ട് അയൽരാജ്യമായ പാകിസ്ഥാൻ 100-ാം സ്ഥാനത്താണ്. 26 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും അവസാനം.

More Stories from this section

family-dental
witywide