
ദില്ലി: ആവേശം അവസാന ഓവറിലേക്ക് നീണ്ട വനിതാ ഐ പി എല്‍ കലാശക്കളിയിൽ ഡല്‍ഹിയെ എട്ട് വിക്കറ്റിന് വീഴ്ത്തി കന്നി കിരീടം തൂക്കിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അഭിനന്ദന പ്രവാഹം. മുന്നിൽ നിന്ന് നയിച്ച ക്യാപ്ടൻ സ്മതി മന്ദാനയെ ക്രിക്കറ്റ് ലോകം വാഴ്ത്തിപ്പാടുകയാണ്. ഒപ്പം തന്നെ എല്ലിസ് പെറിയുടെ ഓള്‍റൗണ്ട് മികവിനും റിച്ചയുടെ ഫിനിഷിംഗിനും ശ്രിയങ്കയുടെ സ്പിൻ മികവിനുമെല്ലാം ആരാധകർ കയ്യടിക്കുകയാണ്. ഒരു കിരിടത്തിനായുള്ള ആർ സി ബി ആരാധകരുടെ നീണ്ട 16 വർഷത്തെ കാത്തിരിപ്പിനാണ് സ്മൃതി മന്ദാനയും സംഘവും അറുതിവരുത്തിയത്. മന്ദാനയുടെ നായകമികവിനെയും ആർ സി ബിയുടെ ടീം സ്പിരിറ്റിനെയും അഭിനന്ദിച്ച് ക്രിക്കറ്റ് ലോകത്തെ ഇതിഹാസതാരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്.
അത്യുജ്ജ്വല പ്രകടനമാണ് മന്ദാനയും സംഘവും പുറത്തെടുത്തതെന്നാണ് ആരാധകരുടെ പക്ഷം. വനിതാ ടീം ആർ സി ബിക്കായി കന്നി കിരീടം സ്വന്തമാക്കിയപ്പോൾ പുരുഷ ടീമിനോടും ആരാധകർ ‘ഒരു കപ്പ് മോഹം’ പറയുകയാണ്. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം വിരാട് കോലിയുടെ സ്വന്തം ടീമായ ആർ സി ബിക്ക് ഇപ്പോഴും കപ്പ് കിട്ടാക്കനിയാണ്. ഇത്തവണത്തെ ഐ പി എല്ലിലെങ്കിലും വിരാട് കോലി കപ്പ് ഉയർത്തുന്നത് കാണണമെന്ന ആഗ്രഹവും ആർ സി ബി ആരാധകർ പങ്കുവയ്ക്കുകയാണ്. മുൻ ഉടമ വിജയ് മല്യയടക്കമുള്ളവരും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്.
മല്യയുടെ വാക്കുകൾ
വനിതാ ഐ പി എല്‍ കിരീടം നേടിയ ആർ സി ബി ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ഇനി ഇത്തവണ പുരുഷ ടീം കൂടി കിരീടം നേടി ഡബിള്‍ തികച്ചാല്‍ അത് ഗംഭീരമായിരിക്കും. ഏറെക്കാലമായുള്ള കടമാണത്, ആ കടം തീർക്കാൻ പുരുഷ ടീമിന് എല്ലാവിധ ആശംസകളും – ഇങ്ങനെയായിരുന്നു വിജയ് മല്യ എക്സിൽ കുറിച്ചത്. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്ന് നിയമനടപികള്‍ നേരിട്ട വിജയ് മല്യ ഇന്ത്യ വിട്ട് ബ്രിട്ടണില്‍ അഭയം തേടിയിരുന്നു. കേസിലെ തുടര്‍ നടപടികള്‍ക്കായി വിജയ് മല്യയെ വിട്ടുകിട്ടാനുളള നിയമനടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ആര്‍സിബിയുടെ വിജയത്തില്‍ ആശംസയുമായി മല്യ എത്തിയത്.
അതേസമയം ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന കിരീടപ്പോരാട്ടത്തില്‍ ആതിഥേയരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് ബാംഗ്ലൂര്‍ ആദ്യ ഐ പി എല്‍ കിരീടത്തില്‍ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. 32 റണ്‍സെടുത്ത സോഫി ഡിവൈനും 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും 35 റണ്‍സുമായി പുറത്താകാതെ നിന്ന എല്ലിസ് പെറിയും 14 പന്തില്‍ 17 റണ്‍സടിച്ച റിച്ച ഘോഷുമാണ് ബാംഗ്ലൂരിന്‍റെ വിജയം അനായാസമാക്കിയത്. സോഫി മോളിനെക്സ് നാലോവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തും ശ്രേയങ്ക പാട്ടീല്‍ 12 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തും ആശ ശോഭന മൂന്നോവറില്‍ 14 റണ്‍സിന് രണ്ട് വിക്കറ്റെടുത്തും ആർ സി ബിക്കായി ബൗളിംഗിൽ തിളങ്ങിയിരുന്നു.
WPL 2024 Final Highlights Smrithi Mandhana RCB win first title, Ellyse Perry and Shreyanka Patil stars