ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ ഗുസ്തിയിലെ മോശം പ്രകടനത്തിനു പിന്നിൽ ഇന്ത്യൻ ഗുസ്തി താരങ്ങളുടെ സമരവും കാരണമായിട്ടുണ്ടെന്ന ആരോപണവുമായി ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സഞ്ജയ് സിങ്. പാരിസിൽ ഇന്ത്യയ്ക്ക് ഉറപ്പായിരുന്ന ആറു മെഡലുകളെങ്കിലും, ഇന്ത്യൻ ഗുസ്തി മേഖലയുടെ തന്നെ സമാധാനം കളഞ്ഞ സമരം നിമിത്തം നഷ്ടമായെന്ന് സഞ്ജയ് സിങ് ആരോപിച്ചു. ഇന്ത്യയിലെ മുൻനിര ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക് തുടങ്ങിയവരാണ് മാസങ്ങളോളം നീണ്ട ഗുസ്തി താരങ്ങളുടെ സമരത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നത്.
“നിങ്ങൾ ഇത് മറ്റൊരു കോണിൽ നിന്ന് നോക്കുകയാണെങ്കിൽ, 14-15 മാസമായി നടന്ന പ്രതിഷേധങ്ങൾ മുഴുവൻ ഗുസ്തി മേഖലയെയും അസ്വസ്ഥരാക്കി. ഒരു വിഭാഗം പോട്ടെ, മറ്റ് വിഭാഗങ്ങളിലെ ഗുസ്തിക്കാർ ദേശീയ-അന്തർദേശീയ ടൂർണമെൻ്റുകളില്ലാതെ പരിശീലനത്തിന് കഴിയാതെ ബുദ്ധിമുട്ടി. ഗുസ്തിക്കാർക്ക് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല,” ഇന്ത്യാ ടുഡേയോടായിരുന്നു സഞ്ജയ് സിങ്ങിന്റെ പ്രതികരണം.
‘‘ഗുസ്തിയിൽനിന്നു മാത്രം ഇന്ത്യയ്ക്ക് ആറു മെഡലുകളെങ്കിലും ലഭിക്കേണ്ടതായിരുന്നു. സമര കോലാഹലം ശ്രദ്ധ തെറ്റിച്ചതോടെ അതെല്ലാം നമുക്ക് നഷ്ടമായി. വിനേഷ് ഫോഗട്ടിന്റെ കാര്യത്തിൽ രാജ്യാന്തര കായിക തർക്കപരിഹാര കോടതി വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ. അത് ഒരു വ്യക്തിയുടെ മെഡലല്ല. രാജ്യത്തിന്റെ മെഡലാണ്. ആ മെഡൽ അനുവദിക്കപ്പെട്ടാൽ ഇന്ത്യയുടെ മെഡലുകൾക്കൊപ്പമാണ് എണ്ണുക,” വിനേഷ് ഫോഗട്ടിന്റെ അപ്പീൽ രാജ്യാന്തര കായിക കോടതി തള്ളുന്നതിന് മുമ്പായിരുന്നു സഞ്ജയ് സിങ്ങിന്റെ പ്രതികരണം.