ന്യൂഡല്‍ഹി: സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞ് എഴുതപ്പെടാന്‍ കാത്തിരുന്ന ഒരു ചരിത്രത്തില്‍ നിന്നും ഇന്ത്യയെ പിന്നോട്ടുവലിച്ച് പാരീസ് ഒളിമ്പിക്‌സില്‍ ഇന്നു കണ്ടത് ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു. ഒളിമ്പിക്സിലെ വനിതകളുടെ 50 കിലോഗ്രാം ഗുസ്തി വിഭാഗത്തില്‍ നിന്നും 100 ഗ്രാം ഭാരം അധികമെന്ന് കാട്ടി വിനേഷ് ഫോഗട്ടിനെ വിലക്കിയപ്പോള്‍ പൊലിഞ്ഞത് ഇന്ത്യയുടെ പ്രതീക്ഷകളായിരുന്നു..
സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേര്‍ എത്തിയിരുന്നു. ഫോഗട്ടിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രിയടക്കം എത്തിയപ്പോള്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സഞ്ജയ് സിംഗ് ഫോഗട്ടിന്റെ പേഴ്സണല്‍ കോച്ചിനും സപ്പോര്‍ട്ട് സ്റ്റാഫിനുമെതിരെ ആഞ്ഞടിച്ചു. ഫോഗട്ടിന്റെ പേഴ്സണല്‍ കോച്ചും സപ്പോര്‍ട്ട് സ്റ്റാഫും പാരീസില്‍ എന്താണ് ചെയ്യുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്. വിനേഷ് അയോഗ്യയായതോടെ, ഇത്രയും വലിയ വേദിയില്‍ എങ്ങനെയാണ് ഇത്രയും വലിയ പിഴവ് സംഭവിക്കുന്നത് എന്ന ചോദ്യമാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത്. അതു തന്നെയാണ് സഞ്ജയ് സിംഗും ചോദിച്ചത്.
വിനേഷിന്റെ കോച്ച്, ഡയറ്റീഷ്യന്‍, ഫിസിയോ എന്നിവരാണ് നാണക്കേടുണ്ടാക്കുന്ന സാഹചര്യത്തിന് ഉത്തരവാദികളെന്നും സഞ്ജയ് സിംഗ് വിമര്‍ശിച്ചു. ”കളിക്കാരി അവളുടെ പരിശീലനത്തില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു, അതിനാലാണ് ഇതിന് അവളെ കുറ്റപ്പെടുത്താതെ നിങ്ങളെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് സപ്പോര്‍ട്ട് സ്റ്റാഫിനെ അത്ലറ്റിനൊപ്പം അയയ്ക്കുന്നത്? സര്‍ക്കാര്‍ അവരെ കളിക്കാര്‍ക്കൊപ്പം അയയ്ക്കുന്നത് ടൂറിസത്തിനായല്ല എന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.