‘ധീരയായ എഴുത്തുകാരി’; അരുന്ധതി റോയിക്ക് വിഖ്യാത പെൻ പിന്റർ പുരസ്കാരം

പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക് 2024-ലെ പെൻ പിന്റർ (PEN Pinter) പുരസ്കാരം. 2024 ഒക്‌ടോബർ 10-ന് നടക്കാനിരിക്കുന്ന ചടങ്ങിൽ അരുന്ധതി റോയ് അവാർഡ് ഏറ്റുവാങ്ങും. 14 വർഷം മുമ്പ് കശ്മീരിനെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ യുഎപിഎ ചുമത്തി പ്രോസിക്യൂഷൻ നടപടികൾ നേരിടുന്ന സാഹചര്യത്തിലാണ് അരുന്ധതി റോയ്‌യെ തേടി പുരസ്കാരം എത്തിയത്. ​

നൊബേൽ ജേതാവും പ്രശസ്ത നാടകകൃത്തുമായ ഹാരോൾഡ് പിന്ററിന്റെ സ്മരണക്കായി ആവിഷ്‍കാര സ്വാതന്ത്ര്യത്തെയും സാഹിത്യത്തെയും ആഘോഷിക്കാനായി 2009ൽ ഇംഗ്ലീഷ് പെൻ എന്ന ചാരിറ്റി ഏർപ്പെടുത്തിയതാണ് ഈ പുരസ്കാരം.

പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അരുന്ധതി റോയി പ്രതികരിച്ചു. ഇന്ന് ലോകം കടന്നുപോകുന്ന, മനസിലാക്കാൻ പോലും സാധിക്കാത്ത പ്രതിസന്ധികളെക്കുറിച്ചെഴുതാൻ ഹാരോൾഡ് പിന്റർ നമുക്കൊപ്പം ഉണ്ടായിരുന്നുവെങ്കിൽ ആഗ്രഹിച്ചുപോകുന്നതായും അവർ പറഞ്ഞു.

ഇംഗ്ലിഷ് പെൻ ചെയർമാൻ റൂത്ത് ബോർത്‍വിക്, നടനും ആക്ടിവിസ്റ്റുമായ ഖാലിദ് അബ്ദുള്ള, എഴുത്തുകാരനും സംഗീതജ്ഞനുമായ റോഗർ റോബിൻസൺ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് അരുന്ധതി റോയ്‌യെ പെൻ പിന്റർ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ഒക്​ടോബർ 10ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ആവിഷ്‍കാര സ്വാതന്ത്ര്യത്തിനായി പോരാടുന്ന ധീരയായ എഴുത്തുകാരി എന്നാണ് അരുന്ധതി റോയ്‌യെ പാനൽ വിശേഷിപ്പിച്ചത്.