2016 ൽ ട്രംപിന്റെ അട്ടിമറി വിജയം പ്രവചിച്ച വാച്ച്‌ വാറ്റ് ഹാപ്പന്‍സ് ലൈവ് എന്ന സര്‍വെ ഫലം പുറത്ത്! ‘കമലക്ക് ഗംഭീര വിജയം’

വാഷിംഗ്ടണ്‍: ലോകം ഉറ്റുനോക്കുന്ന യു എസ് തിരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം. മൂന്നാം നാൾ അമേരിക്കൻ ജനത വിധി കുറിക്കുമ്പോൾ ആര്‍ക്കാണ് മുന്‍തൂക്കം എന്ന് പ്രവചിക്കാനാവാത്തതാണ് രാജ്യത്തെ സാഹചര്യം. ആദ്യ ഘട്ടത്തിൽ കമല ഹാരിസിനു മുൻ‌തൂക്കം പല സർവേകളിലും കിട്ടിയിരുന്നെങ്കിലും ഇപ്പോൾ ട്രംപിന്റെ മുന്നേറ്റവും വിവിധ സർവേകൾ പ്രവചിക്കുന്നുണ്ട്. അതിനിടയിലാണ് യു എസിലെ പ്രശ്‌സതമായ വാച്ച്‌ വാറ്റ് ഹാപ്പന്‍സ് ലൈവ് എന്ന സര്‍വെയുടെ പ്രവചനവും പുറത്ത് വന്നിരിക്കുന്നത്.

ഷോയുടെ അവതാരകനായ ആന്റി കോഹനാണ് പ്രവചനത്തെ കുറിച്ച്‌ വിശദമാക്കിയത്. ഡബ്ല്യുഡബ്ല്യുഎച്ച്‌എംഎല്‍, 2016 ല്‍ ഹിലരിക്കെതിരെ ട്രംപ് അട്ടിമറി ജയം നേടുമെന്ന് പ്രവചനം നടത്തിയാണ് ശ്രദ്ധ നേടിയത്. ഇത്തവണ കമലാ ഹാരിസിന് വമ്പൻ ജയമാണ് വാച്ച്‌ വാറ്റ് ഹാപ്പന്‍സ് ലൈവ് പ്രവചിക്കുന്നത്.

ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന എപ്പിസോഡില്‍ കോഹന്‍ പ്രേക്ഷകരോട് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ആരെ പിന്തുണയ്ക്കുമെന്ന് ചോദിച്ചിരുന്നു. ബഹുഭൂരിപക്ഷവും കമലാ ഹാരിസിന് അനുകൂലമായിട്ടായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്. 73 ശതമാനം പേരും കമല വിജയിക്കുമെന്നാണ് പ്രവചിച്ചത്. ഡൊണാള്‍ഡ് ട്രംപിന് വെറും 27 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

കമലാ ഹാരിസ് വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നായിരുന്നു കോഹനും ഇതിന് ശേഷം പറഞ്ഞത്. അതേസമയം കോഹന്‍ നേരത്തെ തന്നെ പല കാര്യങ്ങളിലും കമലയെ പിന്തുണച്ചിരുന്നു. തോക്ക് നിയന്ത്രണം, വേതന വര്‍ധന, സ്ത്രീകളുടെ അവകാശങ്ങള്‍ പോലുള്ള കമലയുടെ സുപ്രധാന നയപ്രഖ്യാപനങ്ങളെ കോഹന്‍ സ്വാഗതം ചെയ്തിരുന്നു.

അതേസമയം സര്‍വേയിലെ വമ്പൻ വിജയമെന്ന ഫലം സെലിബ്രിറ്റി ഗസ്റ്റുകളായി വന്ന മെറിഡിത്ത് മാര്‍ക്‌സിനെയും ആദം പാല്ലിയെയുമടക്കം അമ്പരപ്പിച്ചു. 2016ലെ ഫലം കൃത്യമായി പ്രവചിച്ച സർവെ ആയതുകൊണ്ട് നിരവധി പേർ ഇത് ഏറ്റെടുത്തിട്ടുണ്ട്.