അമേരിക്കയും ചൈനയും എതിരാളികളല്ല, പങ്കാളികൾ: ചൈനീസ് പ്രസിഡന്റ്

ബെയ്ജിങ്: ലോകത്തെ രണ്ട് വലിയ സാമ്പത്തികശക്തികളായ യുഎസും ചൈനയും എതിരാളികളല്ല, പങ്കാളികളാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. എന്നാൽ, പരിഹരിക്കപ്പെടേണ്ട ഒട്ടേറെ പ്രശ്നങ്ങൾ ഇരുരാജ്യങ്ങൾക്കുമിടയിലുണ്ടെന്നും ചൈനാസന്ദർശനത്തിനെത്തിയ യുഎസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കനോട് അദ്ദേഹം പറഞ്ഞു.

ഇക്കൊല്ലം ബ്ലിങ്കന്റെ രണ്ടാം ചൈനാസന്ദർശനമാണിത്. വ്യാപാര തന്ത്രങ്ങളെക്കുറിച്ചും റഷ്യക്ക് ചൈന നൽകുന്ന യുദ്ധ സഹായത്തെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു. കഴിഞ്ഞ വർഷം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഷി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതായും ചൈനീസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

”ഇരുരാജ്യങ്ങൾക്കുമിടയിൽ ഇനിയും പരിഹരിക്കപ്പെടേണ്ട വിഷയങ്ങളുണ്ട്. ഇതിനുവേണ്ടിയുള്ള തുടർ ശ്രമങ്ങള്‍ക്കായുള്ള അവസരങ്ങളും മുന്നിലുണ്ട്. പരസ്പര ബഹുമാനം, സമാധനപരമായ സഹവർത്തിത്വം, സഹകരണം എന്നിങ്ങനെ മൂന്ന് തത്വങ്ങളാണ് ചർച്ചയില്‍ ഞാന്‍ മുന്നോട്ട് വെച്ചത്. ചൈനയുടേയും അമേരിക്കയുടേയും പൊതുവായ വികസനത്തിനും വളർച്ചയ്ക്കുമുള്ള ഇടം ഈ ഭൂമിയിൽ ഉണ്ട്. അമേരിക്കയുടെ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ചൈനയ്ക്ക് സന്തോഷം മാത്രമാണുള്ളത്. ചൈനയുടെ വളർച്ചയേയും പോസിറ്റീവായി സ്വീകരിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ. അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞാല്‍ ബന്ധത്തില്‍ സ്ഥിരത കൈവരിക്കാനാകും,” ഷി വ്യക്തമാക്കി.