അമരാവതി: ആന്ധ്രപ്രദേശ് കോൺഗ്രസ് അധ്യക്ഷയായി വൈ.എസ്.ശർമിളയെ തിരഞ്ഞെടുത്തു. മുൻ അധ്യക്ഷൻ ഗിഡുഗു രുദ്രരാജുവിനെ പ്രവർത്തകസമിതി പ്രത്യേക ക്ഷണിതാവാക്കി നിയമിക്കുകയും ചെയ്തു. ഗിഡുഗു രുദ്രരാജു ആന്ധ്രാപ്രദേശ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസിന്റെ പുതിയ നീക്കം.
ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയായ വൈ.എസ്.ശർമിള തന്റെ വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു കോൺഗ്രസിൽ ചേർന്നതു ജനുവരി നാലിനാണ്. വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചു കൊണ്ടായിരുന്നു ശർമിളയുടെ നീക്കം. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലായിരുന്നു ശർമിള കോൺഗ്രസിൽ ചേർന്നത്. തെലങ്കാനയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനിടെയാണ് ശർമിള കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.
ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഇളയ മകളായ ശർമിള, 2021ലാണ് തെലങ്കാനയിൽ സ്വന്തം പാർട്ടിയുണ്ടാക്കിയത്. വൈഎസ്ആറിന്റെ മരണശേഷം കോൺഗ്രസുമായി പിണങ്ങി ജഗൻ രൂപീകരിച്ച വൈഎസ്ആർ കോൺഗ്രസിൽ കൺവീനറായിരുന്നു ശർമിള. സഹോദരനുമായുണ്ടായ അസ്വാരസ്യത്തെത്തുടർന്നാണു സ്വന്തം പാർട്ടിയുണ്ടാക്കിയത്.