തന്റെ മരണമാണ് ഇസ്രായേല്‍ തനിക്ക് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമെന്ന ഹമാസ് തലവന്‍ യഹ്യ സിന്‍വാറിന്റെ മുന്‍ പ്രസംഗം വീണ്ടും സൈബറിടങ്ങളിലെത്തി. ഇസ്രയേല്‍- ഹമാസ് യുദ്ധത്തിന് ഗാസയില്‍ തുടക്കമിട്ട ഒക്ടോബര്‍ 7 ലെ ആക്രമണത്തിന് നേതൃത്വം നല്‍കിയ യഹ്യ സിന്‍വാറിനെ ഏതാണ്ട് ഒരു വര്‍ഷത്തിനിപ്പുറം ഇസ്രയേല്‍ ബുധനാഴ്ച വധിച്ചിരുന്നു. അമേരിക്ക അടക്കം ഇസ്രയേലിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
സിന്‍വാറിന്റെ മരണശേഷം വൈറലായ, ഒരു പഴയ വീഡിയോയില്‍ സിന്‍വാര്‍ ഇസ്രായേല്‍ സേനയാല്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് കാണാം. തന്റെ മരണമാണ് ഇസ്രായേല്‍ തനിക്ക് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമെന്നാണ് സിന്‍വാര്‍ വ്യക്തമാക്കിയത്.
‘ശത്രുവും അധിനിവേശവും എനിക്ക് നല്‍കുന്ന ഏറ്റവും വലിയ സമ്മാനം എന്നെ വധിക്കുക എന്നതാണ്, അതിനാല്‍ എനിക്ക് അവരുടെ കൈകളാല്‍ രക്തസാക്ഷിയായി അല്ലാഹുവിലേക്ക് പോകാം,’ ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് രണ്ട് വര്‍ഷം മുമ്പ്, അതായത് 2021 ല്‍ പകര്‍ത്തിയ വീഡിയോയിലാണ് സിന്‍വാറിന്റെ പരാമര്‍ശം.