യെമനിലെ ഹൂത്തികള്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുഎസ് യുദ്ധക്കപ്പലുകള്‍ ആക്രമിക്കുന്നുവെന്ന് പെന്റഗണ്‍

വാഷിംഗ്ടണ്‍: യെമനിലെ ഹൂതി വിമതര്‍ യു.എസ് യുദ്ധക്കപ്പലുകളെ ആക്രമിച്ചെന്ന് പെന്റഗണ്‍ ചൊവ്വാഴ്ച പറഞ്ഞു. ബാബ് അല്‍ മന്ദാബ് കടലിടുക്കിലൂടെ കടന്നുപോകുമ്പോള്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് രണ്ട് യുഎസ് ഡിസ്‌ട്രോയറുകളെ ഹൂത്തികള്‍ ലക്ഷ്യമിട്ടെങ്കിലും യുദ്ധക്കപ്പലുകള്‍ ആക്രമണത്തെ പരാജയപ്പെടുത്തിയെന്നും പെന്റഗണ്‍ വ്യക്തമാക്കി.

യുഎസ് യുദ്ധക്കപ്പലുകള്‍ ‘കുറഞ്ഞത് എട്ട് വണ്‍-വേ അറ്റാക്ക് അണ്‍ക്രൂഡ് ഏരിയല്‍ സിസ്റ്റങ്ങള്‍, അഞ്ച് കപ്പല്‍ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകള്‍, മൂന്ന് കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ എന്നിവയാല്‍ ആക്രമിക്കപ്പെട്ടുവെന്നും അവയെല്ലാം വിജയകരമായി തടഞ്ഞുവെന്നും പെന്റഗണ്‍ വക്താവ് മേജര്‍ ജനറല്‍ പാറ്റ് റൈഡര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ആക്രമണത്തില്‍ കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ജീവനക്കാര്‍ക്കോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ പരുക്കുകളൊന്നുമില്ലെന്നും റൈഡര്‍ വ്യക്തമാക്കി. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പലും തങ്ങള്‍ ആക്രമിച്ചുവെന്ന ഹൂത്തികളുടെ അവകാശവാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഗാസയിലെ ഇസ്രായേലിന്റെ യുദ്ധത്തിനു പിന്നാലെ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് 2023 നവംബര്‍ മുതല്‍ ഹൂത്തകള്‍ ചെങ്കടലിലും ഏദന്‍ ഉള്‍ക്കടലിലും കപ്പലുകള്‍ ആക്രമിക്കുന്നുണ്ട്.