
യെമെൻ: ഹൂതി വിമതർ ചൊവ്വാഴ്ച ചെങ്കടലിൽ ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലിൽ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. തുടർച്ചയായ ആക്രണങ്ങളുടെ നിരയിലെ ഏറ്റവും പുതിയ സംഭവവികാസമാണിത്.
വർധിച്ചുവരുന്ന ആക്രമണങ്ങൾ ഇസ്രായേൽ-ഹമാസ് യുദ്ധം പ്രദേശത്തുടനീളം വ്യാപിക്കുമെന്ന ഭയത്തിന് ആക്കം കൂട്ടുകയും ലോകത്തിലെ പ്രധാന സമുദ്ര വാണിജ്യ പാതകളിലൊന്നിലെ വ്യാപാര നീക്കങ്ങളെ തടസപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
സൂയസ് കനാലിലേക്കുള്ള യാത്രക്കിടെയാണ് ‘സോഗ്രാഫിയ’എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടത്. കപ്പലില്‍ ചരക്ക് ഉണ്ടായിരുന്നില്ലെന്നും ചെറിയ നാശനഷ്ടം മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്നും ഗ്രീക് ഷിപ്പിങ് മന്ത്രാലയം അറിയിച്ചു.
20 ജീവനക്കാരാണ് കപ്പലിലുള്ളത്. ആക്രമണത്തിനുശേഷവും കപ്പല്‍ സൂയസ് കനാല്‍ ലക്ഷ്യമാക്കി നീങ്ങുകയാണ്. 24 മണിക്കൂറിനിടെ മൂന്നാമത്തെ കപ്പലാണ് ചെങ്കടലില്‍ ആക്രമിക്കപ്പെടുന്നത്.
അതേസമയം, ഹൂതികള്‍ക്കായി ഇറാനില്‍നിന്ന് ബോട്ടില്‍ കടത്തുകയായിരുന്ന ആയുധങ്ങള്‍ പിടിച്ചെടുത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.