വാഷിംഗ്ടണ്‍ ഡിസിയില്‍ യോഗ സംഘടിപ്പിച്ച് യു.എസിലെ ഇന്ത്യന്‍ എംബസി

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി യുഎസിലെ ഇന്ത്യന്‍ എംബസി വാഷിംഗ്ടണ്‍ ഡിസിയില്‍ യോഗ സെഷന്‍ സംഘടിപ്പിച്ചു. വ്യാഴാഴ്ച വാഷിംഗ്ടണ്‍ ഡിസിയിലെ ദി വാര്‍ഫില്‍ സംഘടിപ്പിച്ച യോഗ സെഷനില്‍ നിരവധി പേരാണ് പങ്കെടുത്തത്.

ഇന്ത്യ യോഗയെ മുഖ്യധാരയിലെത്തിച്ചതായി യുഎസിലെ ഇന്ത്യന്‍ എംബസിയിലെ ഡെപ്യൂട്ടി അംബാസഡര്‍ ശ്രീപ്രിയ രംഗനാഥന്‍ പറഞ്ഞു. യോഗയുടെ ശക്തി തിരിച്ചറിയുന്നതിനും യോഗയ്ക്ക് നമ്മുടെ ജീവിതത്തിന് എങ്ങനെ മൂല്യം നല്‍കാമെന്നും, യോഗ എങ്ങനെയാണെന്ന് തിരിച്ചറിയാന്‍ നാം ഒത്തുചേരുന്ന ഒരു ദിനമാക്കി മാറ്റുന്നതിലും ഇന്ത്യ വഹിച്ച പങ്ക് വളരെ വലുതാണെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, ഇത് 5000, 6000 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ആരോഗ്യ പാരമ്പര്യമാണെന്നും അത് ഇപ്പോഴും നിലനില്‍ക്കുന്നുവെന്നുമുള്ള സന്തോഷവും അവര്‍ പങ്കുവെച്ചു. യോഗയുടെ മൂല്യം ഇപ്പോള്‍ കൂടുതല്‍ വിലമതിക്കപ്പെട്ടിട്ടുണ്ടെന്നും അത് എല്ലാ കുടുംബങ്ങളുടെയും ഭാഗമായി മാറിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2014-ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിനെത്തുടര്‍ന്ന് 2015 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 21-ന് ലോകമെമ്പാടും അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ച് വരികയാണ്.