ന്യൂഡൽഹി: സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന വിവാദ പ്രസ്താവനയിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിന് ശേഷം സുപ്രീം കോടതിയെ സമീപിക്കാനുള്ള മന്ത്രിയുടെ തീരുമാനത്തെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് ചോദ്യം ചെയ്തു. ഒരു മന്ത്രി എന്ന നിലയിൽ തൻ്റെ വാക്കുകളുടെ അനന്തരഫലങ്ങളെക്കുറിച്ച് നന്നായി അറിയണമെന്ന് കോടതി പ്രസ്താവിച്ചു.
“ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള നിങ്ങളുടെ അവകാശം നിങ്ങൾ ദുരുപയോഗം ചെയ്യുന്നു. ആർട്ടിക്കിൾ 25 പ്രകാരമുള്ള നിങ്ങളുടെ അവകാശം നിങ്ങൾ ദുരുപയോഗം ചെയ്യുന്നു. ഇപ്പോൾ ആർട്ടിക്കിൾ 32 പ്രകാരം (സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ) നിങ്ങൾ നിങ്ങളുടെ അവകാശം വിനിയോഗിക്കുകയാണോ? നിങ്ങൾ പറഞ്ഞതിൻ്റെ അനന്തരഫലങ്ങൾ അറിയാമോ? നിങ്ങൾ ഒരു സാധാരണക്കാരനല്ല, നിങ്ങൾ ഒരു മന്ത്രിയാണ്. അനന്തരഫലങ്ങൾ നിങ്ങൾ അറിയണം,” കേസ് മാർച്ച് 15 ലേക്ക് മാറ്റിവയ്ക്കുന്നതിന് മുമ്പ് സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.
ഉദയനിധി സ്റ്റാലിനെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. ഉദയനധിക്കെതിരായ എല്ലാ എഫ്ഐആറുകളും ഒന്നിച്ച് പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചു. ഉത്തർപ്രദേശ്, കർണാടക, ബിഹാർ, ജമ്മു കശ്മീർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.