
ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രവാസികൾ രാജ്യത്തിന്റെ ബ്രാൻഡ് അംബാസഡർമാരാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ അമേരിക്കയുമായും അമേരിക്കയെ ഇന്ത്യയുമായും പ്രവാസികൾ ബന്ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണ്. അതുകൊണ്ടാണ് ഞാൻ നിങ്ങളെ ‘രാഷ്ട്രദൂതര്‍ ‘ എന്ന് വിളിക്കുന്നത്. നിങ്ങൾ ഏഴ് കടലുകൾക്ക് അപ്പുറമാണെങ്കിലും രാജ്യവുമായി നിങ്ങളെ അകറ്റാൻ ഒരു സമുദ്രത്തിനും സാധിക്കുകയില്ല, എവിടേക്ക് പോയാലും നാം ഒരു കുടുംബമാണ്. തുടർച്ചയായ മൂന്നാം തവണയും സർക്കാർ അധികാരത്തിൽ തിരിച്ചെത്തി. കഴിഞ്ഞ 60 വർഷത്തിനിടയിൽ ഇത്തരമൊന്ന് സംഭവിച്ചിട്ടില്ല. ഈ മൂന്നാം ടേമിൽ വലിയ ലക്ഷ്യങ്ങൾ നേടേണ്ടതുണ്ട്” പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ വരവും കാത്ത് ആവേശഭരിതരായ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ജനങ്ങൾക്ക് സാംസ്‌കാരിക പരിപാടികളുടെ ഒരു പരമ്പരയാണ് അണിയിച്ചൊരുക്കിയത്.

തൻ്റെ പ്രസംഗത്തിനിടെ, 2014-ൽ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ, 2016-ൽ കാലിഫോർണിയയിലെ സാൻ ജോസിൽ, 2019-ൽ ടെക്‌സാസിലെ ഹൂസ്റ്റണിൽ, 2023-ൽ വാഷിംഗ്ടണിലും ഇപ്പോൾ ലോംഗ് ഐലൻഡിലുമായി താൻ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തത് സ്‌നേഹപൂർവ്വം അനുസ്മരിച്ചു.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരെ അദ്ദേഹം ആദരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പാലമായിരുന്നു പ്രവാസികളെന്നും, ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്താൻ അവർ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങളെല്ലാം ഏഴ് കടലുകൾ അകലത്തിലാണ് വന്നിരിക്കുന്നത്, എന്നാൽ ഒന്നിനും ഇന്ത്യയുടെ സ്നേഹം നിങ്ങളുടെ ഹൃദയങ്ങളിൽ നിന്നും ആത്മാവിൽ നിന്നും അകറ്റാൻ കഴിയില്ല” എന്ന് അദ്ദേഹം പറഞ്ഞു.