
ഉറപ്പായും ബംഗാളിൽ ഇത്തവണയും മൽസരം ബിജെപിയും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും തമ്മിലാണ്. മറ്റു പാർട്ടികൾക്ക് സാധ്യത വളരെ കുറവാണ്. സീറ്റുകളൊന്നും നേടാനായില്ല എങ്കിലും ബംഗാളിൽ മറ്റ് ചിലത് സംഭവിക്കും. സിപിഎം എന്നൊരു പാർട്ടി ബംഗാളിൽ മരിച്ചുപോയിട്ടില്ല എന്ന സൂചന ഈ തിരഞ്ഞെടുപ്പ് നൽകും. പൂജ്യത്തിൽ എത്തിയിരുന്ന സിപിഎമ്മിൻ്റെ വോട്ട് ഷെയർ ഇത്തവണ കൂടും. തകർന്ന് അടിഞ്ഞുപോയ ബംഗളിലെ സിപിഎം എന്ന മഹാവൃക്ഷം തീർത്തും കുറ്റിയറ്റുപോയില്ല. ചില ചെറുനാമ്പുകൾ മുളപൊട്ടിത്തുടങ്ങിയവിടെ.
ഏതാനും യുവാക്കളാണ് ആ വരവിന്റെ തേര് തെളിക്കുന്നത്. 35 വയസ്സിനു താഴെമാത്രം പ്രായമുള്ള ഏതാനും ചെറുപ്പക്കാർ. അവർ പുതിയ കാലത്തിന്റെ സഖാക്കളാണ്. സാധാരണക്കാർക്ക് മനസ്സിലാവുന്ന ലളിതമായ ഭാഷയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നവർ. മനുഷ്യനെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്നവർ. ഒരു പുതിയ പാർട്ടി രൂപം കൊണ്ടു വരുന്നതു പോലെ… താഴേതട്ടിലുള്ള സാധാരണ മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് അവർക്കു വേണ്ടി സമരം ചെയ്ത്, അടിയും ഇടിയും കൊണ്ട്, അറസ്റ്റ് വരിച്ച്, കേസ് നടത്തി..ജനത്തിന് ഇടയിൽ സ്ഥാനം പിടിക്കുകയാണ് ഇവർ. ഇതിൽ അധികവും സ്ത്രീകളാണ് എന്നതും ശ്രദ്ധേയമായ കാര്യമാണ്. മീനാക്ഷി മുഖർജി, ദീപ് സിത ധർ, ഐഷി ഘോഷ്, സെയ്റ ഷാ ഹലിം, ശ്രീജൻ ഭട്ടാചാര്യ, സയൻ ബാനർജി,മയൂഖ് ബിശ്വാസ്, പ്രതികർ റഹ്മാൻ …എന്നിങ്ങനെ നീളുന്നു ഈ പേരുകൾ.

മീനാക്ഷി മുഖർജി
ഇടതുപക്ഷത്തെ ഏറ്റവും ജനപ്രിയ മുഖമാണ് മീനാക്ഷി മുഖർജി എന്ന ഡിവൈഎഫ്ഐ നേതാവ്. ആവേശം നിറച്ച പ്രസംഗങ്ങൾ കൊണ്ട് ആളുകളെ കയ്യിലെടുക്കുന്ന ചെറുപ്പക്കാരിയായ കമ്യൂണിസ്റ്റ്. ക്യാംപസുകളിലും കൊൽക്കത്തയിലെ ഗലികളിലും തോട്ടം തൊഴിലാളികൾക്കിടയിലും ഈ പേര് മുഴങ്ങി കേൾക്കുന്നുണ്ട്. 2 മാസം നീണ്ട ഇൻസാഫ് യാത്രയെ തുടർന്ന് 2200 കിലോമീറ്റർ ബംഗാളിലൂടെ നടന്ന് ജനത്തിനടുത്തെത്തിയ ഇവരുടെ പേര് ഗ്രാമഗ്രാമാന്തരങ്ങളിൽ വേരു പിടിച്ചു കഴിഞ്ഞു. ‘പോരാളി മീനാക്ഷി’ എന്നാണ് ഇവർ അറിയപ്പെടുന്നതു തന്നെ. തോട്ടം തൊഴിലാളികൾക്കിടയിലും കുടിയേറ്റത്തൊഴിലാളികൾക്കിടയിലും 300 ലേറെ പൊതുയോഗങ്ങളിൽ മീനാക്ഷി സംസാരിച്ചു കഴിഞ്ഞു. സന്ദേശ്ഖലിയിലെ തൃണമൂൽ നേതാവിൻ്റെ അതിക്രമത്തിന് ഇരയായ സ്ത്രീയ്ക്കു വേണ്ടിയും മീനാക്ഷി മുന്നിൽ നിൽക്കുന്നത് കാണാമായിരുന്നു. തീർച്ചയായും ബംഗാൾ രാഷ്ട്രീയത്തിൽ ഉദിച്ചുയരുന്ന താരകമാണ് മീനാക്ഷി. ഫെബ്രുവരിയിൽ ഹൗറയിൽ വിദ്യാർത്ഥി നേതാവ് അനിസ് ഖാൻ്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ മിനാക്ഷിയെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തിരുന്നു . ഒടുവിൽ അവൾക്ക് ജാമ്യം കിട്ടി.

സെയ്റ ഷാ ഹലിം
ഒരു കമ്യൂണിസ്റ്റ്കാരിയുടെ സങ്കൽപ രൂപത്തിനു ഒരിക്കലും ചേരാത്ത രൂപം. സിനിമാ താരങ്ങളെ പോലെ സ്റ്റൈലിഷായ വേഷവിധാനമുള്ള, ആക്സൻ്റഡ് ഇംഗ്ളിഷും ഹിന്ദിയും ഉർദവും മുറി ബംഗാളിയും പറയുന്ന സുന്ദരിയായ യുവതി. സിനിമാ താരം നസ്റുദ്ദീൻ ഷായുടെ മരുമകളാണ് . ആർമി കുടുംബത്തിൽ നിന്നു വരുന്ന ഉന്നത വിദ്യാഭ്യാസം നേടിയ , മോട്ടിവേഷണൽ സ്പീക്കർ. എന്നാൽ സാധാരണക്കാർക്കും തൊഴിലാളികൾക്കും വേണ്ടി പ്രവർത്തിക്കണമെന്ന് സെയ്റ ആഗ്രഹിക്കുന്നു. അതിനു വേണ്ടി അധ്വാനിക്കുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും സെയ്റ ഷാ എന്ന പേര് ബംഗാളിൽ പരിചിതമായി. ഇത്തവണ കൊൽക്കത്ത സൌത്തിൽ നിന്ന് ലോക്ലഭയിലേക്ക് മൽസരിക്കുന്നു.

ദിപ്സിത ധർ
സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്എഫ്ഐ) അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറിയായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മൽസരിച്ചു. മണ്ഡ ലത്തിലുടനീളം കാൽനടയായി സഞ്ചരിച്ചും ദഫ് മുട്ടി പാടിയും ‘ഇൻക്വിലാബ് സിന്ദാബ്’, “ആസാദി’ മുദ്രാവാദ്യങ്ങൾ ഉറക്കെ വിളിച്ച് ജനക്കൂട്ടത്തെ ഇളക്കി മറിക്കുന്ന പ്രചാരണ ശൈലിയാണ് ഈ 30 കാരിക്ക്. ബംഗാളിലെ പൌരത്വ വിരുദ്ധ പ്രക്ഷോക്ഷത്തിന്റ മുൻനിര പോരാളികളാണ് ദീപ്സിതയും ഐഷിഘോഷും . ഇത്തവണ സെറാംപൂറിൽ നിന്നുള്ള സിപിഎം സ്ഥാനാർഥിയാണ്.

ഐഷി ഘോഷ്
ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) സ്റ്റുഡൻ്റ്‌സ് യൂണിയൻ പ്രസിഡൻ്റായിരുന്നു. കഴിഞ്ഞ നിയസഭാ ഐഷി ഘോഷും മൽസരിച്ചിരുന്നു. ഇത്തവണ ലോക്സഭയിലേക്ക് മൽസരിക്കുന്നില്ല. സെയ്റ ഷായുടെ പ്രചാരണത്തിന് ഒപ്പം ഐഷിയുമുണ്ട്.

സയൻ ബാനർജി എന്ന യുവ അഭിഭാഷകനും ഈ യുവരക്തങ്ങളുടെ ഇടയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്. കൊൽക്കത്ത ഹൈക്കോടതിയിലെ അഭിഭാഷകനായ സയൻ ഇത്തവണ മൽസരിക്കുന്നത് തംലോക് മണ്ഡലത്തിൽ നിന്നാണ്. രാജിവച്ച് ബിജെപിയിൽ ചേർന്ന ഹൊക്കോടതി ജഡ്ജി അഭിഷേക് ഗംഗോപാധ്യായയാണ് ഇവിടെ ബിജെപി സ്ഥാനാർഥി. മറ്റൊരു യുവനേതാവാണ് ശ്രീജൻ ഭട്ടാചാര്യ. 31 വയസുള്ള യുവ നേതാവാണ്. ഇത്തവണ ജാവേദ്പൂരിൽ സിപിഎം സ്ഥാനാർഥി. ഗായകനും സംഗീത സംവിധായകനുമാണ്.

മതത്തിനും ജാതിക്കുമൊക്കെ വലിയ വിലകൊടുക്കുന്ന രാഷ്ട്രീയം കളം പിടിച്ചിരിക്കുന്ന കാലത്ത് തങ്ങൾ ജീവിക്കുന്ന ഇടം എല്ലാവരേയും ഉൾക്കൊള്ളാൻ മാത്രം വിശാലമാകാനുള്ള ലക്ഷ്യത്തിലായി ദൃഢനിശ്ചത്തോടെ പോരാടുകയാണ് ഈ യുവാക്കൾ.
രാഷ്ട്രീയത്തിന്റെ ഭാഷ തന്നെ മാറുന്ന ഈ കാലഘട്ടത്തിൽ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിൽ നിന്നും പ്രചോദിതരായ ഒരു പുതു തലമുറ സാധാരണക്കാരുടെ അവകാശങ്ങൾക്കും അഭിലാഷങ്ങൾക്കും വേണ്ടി പോരാടുന്നത് ചിലരെയെങ്കിലും പ്രചോദിതരാക്കുന്നുണ്ട്. 34 വർഷം ബംഗാൾ ഭരിച്ച്, ജനം തള്ളിക്കളയാൻ മാത്രം ജനവിരുദ്ധത വളർന്ന ഒരു പ്രസ്ഥാനമാണ് യാഥാർഥ്യം തിരിച്ചറിഞ്ഞ് അടിത്തട്ടിൽ നിന്നു തന്നെ പാർട്ടിയെ ജീവിപ്പിക്കാൻ ശ്രമം തുടങ്ങിയിരിക്കുന്നത്. തൃണമൂലിനെ തോൽപ്പിക്കാൻ ബിജെപിയുമായി ബന്ധം വച്ചു പുലർത്തിയിരുന്ന സിപിഎം നേതാക്കളെയെല്ലാം സിപിഎം പുറത്താക്കി. അടിത്തട്ടിൽ നിന്നു തന്നെ തുടങ്ങിയില്ലെങ്കിൽ രക്ഷപ്പെടില്ല എന്നത് സിപിഎമ്മിന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ അവർ അധ്വാനിക്കാൻ തുടങ്ങിയിരിക്കുന്നു. അതിന് നല്ല ഊർജവും ഓജസ്സുമുള്ള ഒരു യുവനിരതന്നെ രംഗത്തിറങ്ങിയിരിക്കുന്നത് സിപിഎമ്മിനു പ്രതീക്ഷയ്ക്ക് വക നൽകുന്നു.
young leaders are giving hope for CPI(M) In Bengal