പിന്നില്‍ വലിയ റാക്കറ്റ്, തട്ടിപ്പിനിരയായത് സ്ത്രീകള്‍; യുകെ വിസ തട്ടിപ്പില്‍ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍ : യു.കെയിലേക്കുള്ള വിസ വാഗ്ദാനെ ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ കണ്ണൂരില്‍ നിന്നും ഒരാള്‍ പിടിയിലായി. പയ്യാവൂര്‍ കാക്കത്തോട് പെരുമാലില്‍ ഹൗസില്‍ മാത്യുവിനെയാണ് കണ്ണൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ. വി വേണു ഗോപാലിന്റെ നേതൃത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ കേരളത്തിലെ വിവിധ വിസ തട്ടിപ്പു കേസുകളില്‍ കണ്ണിയായ ആളെന്ന് പൊലീസ് പറയുന്നു.

ബ്രിട്ടനിലേക്ക് കെയര്‍ അസിസ്റ്റന്റായി ജോലി വാഗ്ദാനം നല്‍കി കൊല്ലം പുത്തന്‍ തുറ സ്വദേശിനിയായ ദീപ അരുണിന്റെ കയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെട്ടുത്ത കേസിലാണ് ഇയാള്‍ ഇപ്പോള്‍ പിടിയിലായത്.

കണ്ണൂര്‍ നഗരത്തിലെ ഗോപാല്‍ സ്ട്രീറ്റില്‍ പ്രതി ഉള്‍പ്പെടെ നടത്തിയ സ്സാര്‍ നെറ്റ് ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വഴി യുകെയിലേക്ക് കെയര്‍ വിസ വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പു നടത്തിയത്. ഫെബ്രുവരി ഒന്‍പതിന് പരാതിക്കാരിയില്‍ നിന്നും 5,95,400 രൂപ വാങ്ങിയ ശേഷം വിസ നല്‍കാതെ പറ്റിക്കുകയായിരുന്നു. വിസ നല്‍കാത്ത പക്ഷം പണം തിരികെ ലഭിക്കാന്‍ യുവതി ശ്രമം നടത്തിയെങ്കിലും തട്ടിപ്പുവീരന്‍ അഥും നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മാത്യുവിന്റെ ഓഫിസ് പൊലിസ് റെയ്ഡ് ചെയ്ത് വിവിധ രേഖകളും തെളിവും ശേഖരിച്ചിട്ടുണ്ട്. ഓഫിസ് അടച്ചുപൂട്ടിയതായി കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു. കണ്ണൂരില്‍ മാത്രം തട്ടിപ്പിനിരയായവരില്‍ 11 പേര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റു തന്നെ പ്രവര്‍ത്തിക്കുന്നെണ്ടെന്നാണ് പൊലിസിന്റെ നിഗമനം.

More Stories from this section

family-dental
witywide