മലപ്പുറം: കൊടും ചൂട് തുടരുന്ന മലപ്പുറത്ത് തിരൂരങ്ങാടിയില്‍ യുവാവിന് സൂര്യാഘാതമേറ്റു. ചെറുമുക്ക് ജീലാനി നഗര്‍ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് മുനീറിന് സൂര്യാഘാതമേറ്റത്. കഴുത്തില്‍ രണ്ടിടങ്ങളിൽ മുനിറിന് പൊള്ളലേറ്റു. ഇതിന് പിന്നാലെ തളര്‍ച്ച അനുഭവപ്പെടുകയും ചെയ്തു. പിന്നീടാണ് സൂര്യാഘാതമേറ്റതാണെന്ന് വ്യക്തമായത്.
സംസ്ഥാനത്ത് ഉയർന്ന ചൂടിന്‍റെ സാഹചര്യത്തിൽ ജാഗ്രതാ നിർദേശങ്ങൾ അറിയുക
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
Young man Suffered Sunburn at Thiroorangadi in Malappuram