ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡി. കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസിന് കുറുകെ കാറിട്ട് വഴി തടഞ്ഞ് യുവാക്കളുടെ വെല്ലുവിളി. സ്ട്രോക്ക് ഉണ്ടായ രോഗിയുമായി പാഞ്ഞു പോകവേ സൈഡ് നൽകാത്തതിനെ തുടർന്ന് ഹോൺ മുഴക്കിയത് ഇഷ്ടപെട്ടില്ല എന്ന കാരണത്താൽ ആണ് യുവാക്കൾ ഇങ്ങനെ ചെയ്തതെന്നാണ് ആംബുലൻസ് ഡ്രൈവർ പറയുന്നത്. ആംബുലൻസ് തടഞ്ഞതിന് പിന്നാലെ യുവാക്കൾ കയ്യേറ്റം ചെയ്തെന്നും ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ പറയുന്നു.
കായംകുളത്തിന് സമീപംതാമരക്കുളം വയ്യാങ്കരയിലാണ് സംഭവം. ശൂരനാട് സ്വദേശികളായ യുവാക്കളാണ് യാത്ര തടസപ്പെടുത്തും വിധം കാറോടിച്ചത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളടക്കം പുറത്തുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് നടുറോഡിൽ യുവാക്കൾ ആംബുലൻസിന് സൈഡ് നൽകാതെ കാർ ഓടിച്ചത്. ആനയടിയിൽ നിന്ന് സ്ട്രോക്ക് ഉണ്ടായ രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലൻസ്. ശൂരനാട് നിന്ന് മെത്ത വിൽക്കാൻ കാറിൽ പോയ യുവാക്കളാണ് മാർഗതടസമുണ്ടാക്കിയത്.ആംബുലൻസിന് സൈഡ് കൊടുക്കാതെ കുറെ ദൂരം കാർ ഓടിച്ച് അഭ്യാസ പ്രകടനം നടത്തി. വയ്യാങ്കരയിൽ എത്തിയപ്പോൾ കാർ വട്ടമിട്ട് ആംബുലൻസ് തടഞ്ഞ് ഡ്രൈവർ വിഷ്ണുവിനെ കയ്യേറ്റം ചെയ്തു. ഡ്രൈവർ വിഷ്ണു രോഗിയെ മെഡി.കോളജ് ആശുപത്രിയിലെത്തിച്ച ശേഷം വൈകിട്ട് തിരികെ എത്തി നൂറനാട് പൊലിസിൽ പരാതി നൽകി. തുടർന്ന് പൊലിസ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചു. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് വ്യക്തമാക്കി.