എ.കെ.ജി. സെൻ്റർ ആക്രമണക്കേസിൽ രണ്ടാം പ്രതിയായ യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

തിരുവനന്തപുരം എ.കെ.ജി. സെൻ്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിൽ. കോൺഗ്രസ് നേതാവും തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന സുഹൈർ ഷാജഹാനാണ് പിടിയിലായത്. കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായി അറിയപ്പെടുന്ന സുഹൈൽ ഷാജഹാനെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദേശിച്ചത് സുഹൈൽ ആണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തൽ‌.

ആക്രമണത്തിന് പിന്നാലെ മുങ്ങിയ സുഹൈൽ കഴിഞ്ഞ കുറച്ചു കാലമായി വിദേശത്തായിരുന്നു. ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ഇയാളെ ലുക്കൗട്ട് നോട്ടീസ് പ്രകാരം തടഞ്ഞുവെക്കുകയായിരുന്നു. ക്രൈബ്രാഞ്ച് സംഘം ഡൽഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.

2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററിനു നേർക്കു പടക്കമെറിഞ്ഞത് . സംഭവത്തിന്റെ രണ്ടാം വാർഷികത്തിലാണു പ്രതി പിടിയിലാകുന്നത്. നാലു പ്രതികളുള്ള കേസിൽ കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് നേതാവ് വി.ജിതിൻ, സുഹൃത്ത് നവ്യ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തിനു പ്രതിയെത്തിയ സ്കൂട്ടറിന്റെ ഉടമയും മൂന്നാം പ്രതിയുമായ സുധീഷിനെ ഇനിയും പിടിക്കാനായിട്ടില്ല.

സുഹൈൽ ഷാജഹാനാണ് ബോംബ് എകെജി സെന്ററിന് നേരെ എറിയാൻ ഇവരെ പ്രേരിപ്പിക്കുകയും ആസൂത്രണം നടത്തുകയും ചെയ്തത് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. കെ സുധാകരന്റെ ഏറ്റവും അടുത്ത ആളായിട്ടാണ് സുഹൈൽ അറിയപ്പെടുന്നത്. ഇരുവരും തമ്മിലുള്ള ഫോട്ടോകളടക്കം പുറത്തുവന്നിരുന്നു.

Youth Congress Leader Arrested in Delhi Airport in AKG Centre Attack Case

More Stories from this section

family-dental
witywide