പാലക്കാട്: തിരഞ്ഞെടുപ്പ് ചൂടില്‍ തിളടച്ചുമറിയുന്ന പാലക്കാട് വീണ്ടും കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്. പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചാണ് ഷാനിബിന്റെ പടിയിറക്കം.
തുടര്‍ ഭരണം സി.പി.എം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരന്‍ എന്നും വിമര്‍ശനം. താന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഡോ.പി.സരിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ഷാനിബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ.പി.സരിനെ പിന്തുണച്ച് പാലക്കാട് ഡിസിസി മുന്‍ അധ്യക്ഷന്‍ എ.വി.ഗോപിനാഥ് രംഗത്ത്. ആരെങ്കിലും ചോദിച്ചാല്‍ സരിന് വോട്ട് ചെയ്യണമെന്നേ പറയൂവെന്നും സരിന്റെ വ്യക്തിപരമായ ക്വാളിറ്റി കൊണ്ടാണ് പിന്തുണക്കുന്നതെന്നും എന്നാല്‍ ഈ പിന്തുണ ഇടത് മുന്നണിക്കല്ലെന്നും ഗോപിനാഥ് പറഞ്ഞു.