കൊച്ചി: കൊച്ചി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കലക്ടറേറ്റ് പരിസരത്തു പൊലീസും പ്രവര്‍ത്തകരും 45 മിനിറ്റോളം ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറാന്‍ ശ്രമിക്കുകയും പൊലീസിന് നേരെ വടികള്‍ എറിയുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ലാത്തിയടിയില്‍ സാരമായി പരുക്കേറ്റ ഏഴോളം പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജലപീരങ്കി പ്രയോഗത്തില്‍ ജില്ലാ സെക്രട്ടറി എ.ജീനയുടെ കണ്ണിനു പരുക്കേറ്റിട്ടുണ്ട്.
മൂന്ന് വനിതാ പൊലീസ് ഉള്‍പ്പെടെ സംഘര്‍ഷത്തില്‍ പരുക്കേറ്റ ആറ് പൊലീസുകാരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. തുടര്‍ച്ചയായ നാലാം ദിവസവും യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന വ്യാപക പ്രതിഷേധം തുടരുകയാണ്. പ്രതിഷേധം വ്യാപിപ്പിച്ച് പൊലീസിനെ പ്രതിരോധത്തിലാക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.
ഇരുപതോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ ഉള്‍പ്പെടെ ഏതാനും പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പാലക്കാട് എസ്പി ഓഫീസിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ചൊവ്വാഴ്ചയോടെ ജില്ലാതലങ്ങളിലെ പ്രതിഷേധം അവസാനിക്കും. രാഹുലിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്ന ബുധനാഴ്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് പ്രതിഷേധം. സെഷന്‍സ് കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ജാമ്യം ലഭിച്ചാല്‍ രാഹുലിന് സ്വീകരണം ഒരുക്കും.