കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടുരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ എസ് ഇ ബിക്കെതിരെ പ്രതിഷേധം ശക്തം. സ്കൂട്ടർ കേടായതിനെ തുടർന്ന് കടയരികിൽ കയറി നിന്ന മുഹമ്മദ് റിജാസ് (19) ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ എസ് ഇ ബിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് അടക്കം രംഗത്തെത്തിയിട്ടുണ്ട്. കെ എസ് ഇ ബിയുടെ അനാസ്ഥയാണ് വിദ്യാർഥിയുടെ ജീവൻ നഷ്ടമാകാൻ കാരണമെന്നാണ് നാട്ടുകാരും പറയുന്നത്. സ്കൂട്ടർ കേടായതിനാൽ കടയരികിൽ കയറി നിന്ന റിജാസ്, കടയുടെ തൂണിൽ നിന്നും ഷോക്കേറ്റാണ് മരണപ്പെട്ടത്.
സംഭവത്തിൽ കെ എസ് ഇ ബിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമയടക്കം രംഗത്തെത്തിയിട്ടുണ്ട്. കെ എസ് ഇ ബിയുടെ അനാസ്ഥ കാരണമാണ് 19 കാരൻ മരിച്ചതെന്നാണ് കടയുടമ പി മുഹമ്മദ് പറയുന്നത്. കടയുടെ തൂണിൽ ഷോക്കുണ്ടെന്നുള്ള കാര്യം കെ എസ് ഇ ബിയെ അറിയിച്ചിരുന്നു. ഒരു ജീവനക്കാരൻ ഇന്നലെ രാവിലെ വന്ന് പരിശോധിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കടയുടമ വിവരിച്ചു. റിജാസ് മരിച്ചതിന് ശേഷമാണ് കെ എസ് ഇ ബി വൈദ്യുതി വിച്ഛേദിച്ചതെന്നും കടയുടമ വ്യക്തമാക്കി. സമീപത്തെ വൈദ്യുത പോസ്റ്റിൽ നിന്നാണ് കടയുടെ തൂണിലേക്ക് വൈദ്യുതി എത്തിയത്.
അതേസമയം സംഭവത്തിൽ വിശദീകരണവുമായി കെ എസ് ഇ ബിയും രംഗത്തെത്തിയിട്ടുണ്ട്. വൈദ്യൂത കേബിളിന് തകരാർ ഉണ്ടെന്ന പരാതി അന്വേഷിച്ചിരുന്നു എന്നാണ് കെ എസ് ഇ ബി പറയുന്നത്. ഇന്നലെ പരിശോധന നടത്തിയപ്പോൾ തകരാർ കണ്ടെത്താനായില്ലെന്നും മഴ പെയ്തപ്പോൾ ഉണ്ടായ പ്രശ്നമാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് നിഗമനമെന്നും കെ എസ് ഇ ബി കോവൂർ എ ഇ ഇ വ്യക്തമാക്കി. വിശദമായ പരിശോധനയും അന്വേഷണവും നടത്തുമെന്നും കോവൂർ എ ഇ ഇ അറിയിച്ചു.
youth congress protest against kseb after student electrocuted in kozhikode