തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്. അറസ്റ്റില്‍ പ്രതിഷേധിച്ച് ജില്ലാതല പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്റെ തീരുമാനം. ജനുവരി 12ന് കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. നാളെ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച് നടത്തും.
നാളെ രാത്രി എട്ടു മണിക്ക് ‘സമര ജ്വാല’ എന്ന പേരിലാണ് ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. രാഹുലിന്റെ മെഡിക്കല്‍ രേഖ അട്ടിമറിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആരോഗ്യ റിപ്പോര്‍ട്ടിനെ അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിച്ചെങ്കില്‍ അന്വേഷണം വേണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി അറിയിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചികിത്സ സംബന്ധിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ നിയമനടിപടി സ്വീകരിക്കുമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ക്രിമിനല്‍ നടപടികള്‍ കൂടി സ്വീകരിക്കേണ്ട പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. എംവി ഗോവിന്ദനെതിരെ വക്കീല്‍ നോട്ടീസ് അയക്കും. നഷ്ടപരിഹാരവും ആവശ്യപ്പെടുമെന്നും അബിന്‍ വര്‍ക്കി വ്യക്തമാക്കി.