പുതുതായി വാങ്ങിയ സ്‌കൂട്ടറിന്റെ സര്‍വ്വീസിംഗ് ‘ശരിയായില്ല’: ബെംഗളൂരുവിലെ ഒല ഇലക്ട്രിക് ഷോറൂമിന് തീയിട്ട് യുവാവ്, അറസ്റ്റ്

ബെംഗളൂരു: പുതുതായി വാങ്ങിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ സര്‍വ്വീസിംഗ് തൃപ്തികരമല്ലെന്ന് ആരോപിച്ച് കര്‍ണാടകയിലെ ഒല ഇലക്ട്രിക് ഷോറൂമിന് തീയിട്ട 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇ-സ്‌കൂട്ടര്‍ എന്ന് വാദിക്കുന്ന ഒല നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ സര്‍വ്വീസിനെച്ചൊല്ലി ജനരോഷം വര്‍ദ്ധിക്കുന്നതിനിടയിലാണ് സംഭവം.

ഒല സര്‍വീസ് സെന്ററുകള്‍ കാര്യക്ഷമമായി സര്‍വ്വീസിംഗ് നടത്തുന്നില്ലെന്ന പരാതികള്‍ ഉയരുന്നതിനിടെയാണ് 26കാരനും സമാന പരാതി ഉയര്‍ത്തിയത്. തന്റെ പുതിയ വാഹനത്തിന്റെ സര്‍വ്വീസിംഗ് ശരിയായില്ലെന്ന് ആരോപിച്ച് പെട്രോളുമായി വന്ന് ഷോറൂമിലെ സ്‌കൂട്ടറുകള്‍ക്ക് തീയിടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അതേസമയം, ഷോറൂമിന് 8,50,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി പൊലീസ് വ്യക്തമാക്കി.

ഒലയുടെ വെബ്സൈറ്റ് പ്രകാരം ഇന്ത്യയിലുടനീളം 431 സര്‍വീസ് സ്റ്റേഷനുകളാണ് ഉള്ളത്.