സാധാരണക്കാരന്റെ ശബ്ദവും ശക്തിയും ഇതാണ്, മോദിയെപ്പോലും കുലുക്കിയ യൂട്യൂബര്‍ ധ്രുവ് റാഠി

ധ്രുവ് റാഠി…പലര്‍ക്കും പരിചയമുള്ള പേരാണിത്. തെരഞ്ഞെടുപ്പിന് മുന്‍പും പ്രചാരണ വേളയിലും രാജ്യത്തെ പൊതുജനത്തെ സ്വാധീനിച്ച യൂട്യൂബറാണ് ധ്രുവ്. കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനമായിരുന്നു ധ്രുവിനെ കോടിക്കണക്കിന് ആളുകളിലേക്ക് എത്തിച്ചത്. 21.5 മില്യണ്‍ പേരാണ് 29 കാരനായ ഹരിയാന സ്വദേശിയായ ധ്രുവ് റാഠിക്ക് യൂട്യൂബില്‍ ഫോളോവേഴ്‌സായിട്ടുള്ളത്.

എന്താണ് ഈ ചെറുപ്പക്കാരന്‍ ഇപ്പോള്‍ ഇത്രയും ചര്‍ച്ചയാകാന്‍ കാരണം. ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം 2024 പുറത്തുവന്നതോടെയാണ് ധ്രുവ് റാഠിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. ‘സാധാരണക്കാരന്റെ ശക്തിയെ വിലക്കുറച്ചു കാണരുത്’ എന്ന ധ്രുവ് റാഠിയുടെ പോസ്റ്റ് വൈറലാകുകയും ചര്‍ച്ചകള്‍ക്ക് കളം ഒരുക്കുകയുമായിരുന്നു. ഏകാധിപത്യം ഉറപ്പിച്ചോ? എന്ന പേരില്‍ ധ്രുവ് ചെയ്ത വീഡിയോ ഇതിനോടകം കണ്ടത് കോടിക്കണക്കിനാളുകളാണ്. അന്താരാഷ്ട്ര തലത്തിലുള്‍പ്പെടെ വീഡിയോ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ലോക്സഭയില്‍ ബിജെപിക്ക് മങ്ങലേല്പിച്ചതിന് കാരണക്കാരനായി വലിയൊരു വിഭാഗം കാണുന്നത് ധ്രുവിനെയാണ്. ധ്രുവിന്റെ വീഡിയോകള്‍ വിവിധ പ്രാദേശിക ഭാഷകളിലും ലഭ്യമാണ് അതുകൊണ്ടുതന്നെ വ്യത്യസ്ത ഭാഷ ഉപയോഗിക്കുന്ന ആളുകളിലേക്ക് അതിവേഗം എത്താനും ധ്രുവിന് കഴിയുന്നുണ്ട്. ചില കണക്കുകള്‍ പ്രകാരം ഇന്‍സ്റ്റാഗ്രാമില്‍ നാലര കോടിയും യുട്യൂബില്‍ അഞ്ചര കോടിയും റീച്ച് എത്തി.

സര്‍ക്കാരിനെതിരെ എന്തും തുറന്നുകാട്ടാന്‍ ധ്രുവ് കാട്ടിയ ചങ്കൂറ്റം ഈ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മങ്ങിയ തിളക്കം സമ്മാനിച്ചതില്‍ പല കാരണങ്ങളില്‍ ഒന്ന്. കഴിഞ്ഞ എട്ടുവര്‍ഷക്കാലം രാഷ്ട്രീയ നിരീക്ഷണമെന്ന ദൗത്യത്തിലേര്‍പ്പെട്ട ധ്രുവ്, ആദ്യ മോദി സര്‍ക്കാരിന്റെ കാലത്ത് മോദിയുടെ ആരാധകനായിരുന്നു. എന്നാല്‍ പിന്നീട് പല കാര്യങ്ങളിലും സര്‍ക്കാരിന്റെ പൊരുത്തക്കേടുകളില്‍ കണ്ണുടക്കിയ ധ്രുവ് പതിയെ ചില വിമര്‍ശനങ്ങള്‍ തുടങ്ങി. കേള്‍ക്കാന്‍ ആളുകള്‍ വന്നുതുടങ്ങി. ഒടുവില്‍ ഓരോ വീഡിയോയും വൈറല്‍. ഒരൊറ്റ ദിവസത്തിനുള്ളില്‍ പതിനാറ് മില്യണ്‍ ആളുകള്‍ വരെ വീഡിയോ കാണ്ടുതുടങ്ങി. തിരഞ്ഞെടുപ്പില്‍ അതും പ്രതിഫലിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സാധാരണക്കാരന്റെ ശക്തിയെ വില കുറച്ച് കാണരുതെന്ന് ധ്രുവ് പറയുമ്പോള്‍ മോദി സര്‍ക്കാരിന് തിരിച്ചടിയും കോണ്‍ഗ്രസിന് ജനമനസുകളില്‍ കൂടുതല്‍ ഇടവുമാണ് അത് നല്‍കിയത്.

2016 സെപ്തംബറിലാണ് ധ്രുവ് ആദ്യ രാഷ്ട്രീയ വിമര്‍ശനം യൂട്യൂബില്‍ പോസ്റ്റ്ചെയ്യുന്നത്. പൂര്‍ണ്ണമായും ഫോണില്‍ ചിത്രീകരിച്ച വീഡിയോ ബിജെപിയുടെ ഐടി സെല്ലിനെയും രാഷ്ട്രീയ വിവരണങ്ങള്‍ രൂപപ്പെടുത്തുന്നതിനെയും വിമര്‍ശിക്കുന്നതായിരുന്നു. ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ ധ്രുവ് അവിടെനിന്നാണ് വീഡിയോകളെല്ലാം ചെയ്യുന്നത്. ഇതുവരെ 600 ല്‍ അധികം വീഡിയോകള്‍ ചെയ്തിട്ടുണ്ട്. അന്താരാഷ്ട്രമാധ്യമങ്ങളിലടക്കം ധ്രുവിനെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. രാഷ്ട്രീയേതര വിഷയങ്ങളില്‍ താത്പര്യമുണ്ടെങ്കിലും രാജ്യം ഏകാധിപത്യത്തിലേക്ക് പോകുമ്പോള്‍ ഇത് അതിനുള്ള സമയമല്ലെന്നാണ് ധ്രുവ് പറയുന്നത്.

അതേസമയം, ഇനിമുതല്‍ ധ്രുവ് പ്രാധാന്യം കൊടുക്കുന്നത് വാട്ട്‌സ് ആപ്പ് ചാനലിനാണ്. തമിഴ്, തെലുഗ്, ബംഗാളി, മറാത്തി, കന്നഡ ഭാഷകളിലാണ് പുതിയ യൂട്യൂബ് ചാനലുകള്‍ വരുന്നത്. മലയാളം, ഗുജറാത്തി,അടക്കമുള്ള ഭാഷകളിലും ചാനല്‍ പരീക്ഷിക്കാനും ധ്രുവിന് പദ്ധതിയുണ്ടെന്നാണ് സൂചനകള്‍.

ജര്‍മന്‍ വനിത ജൂലിയയാണ് ധ്രുവിന്റെ ജീവിത പങ്കാളി. തനിക്കും ജൂലിക്കും പാകിസ്താനുമായി ബന്ധമുണ്ടെന്ന തരത്തില്‍ തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്നും വധ ഭീഷണി വരുന്നുണ്ടെന്നും ധ്രുവ് പറയുമ്പോഴും തന്റെ രാഷ്ട്രീയ വിമര്‍ശനത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നാണ് ധ്രുവ് പറയുന്നത്.


More Stories from this section

family-dental
witywide