സൊമാറ്റോയ്ക്ക് കണ്ടകശനി! വീണ്ടും കിട്ടി 9.5 കോടിയുടെ നോട്ടീസ്; ഇനി കോടതിയിൽ കാണാമെന്ന് കമ്പനി

ഓൺലൈൻ ഫുഡ് ഓർഡർ ആൻഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്ക് 9.5 കോടി രൂപയുടെ ജിഎസ്ടി (ചരക്ക്, സേവന നികുതി) ഡിമാൻഡ് നോട്ടീസ് ലഭിച്ചതായി റിപ്പോർട്ട്. ശനിയാഴ്ച ലഭിച്ച നോട്ടീസിൽ ജിഎസ്ടി തുക ₹ 5.01 കോടിയും പലിശ ₹ 3.93 കോടിയും പിഴയായി 50.19 ലക്ഷം രൂപ പിഴയും ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടകയിലെ കമ്മേഴ്സ്യൽ ടാക്സ് അതോറിറ്റിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.  സെബിക്ക് നൽകിയ റെഗുലേറ്ററി ഫയലിങിലാണ് സൊമാറ്റോ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ സൊമാറ്റോയുടെ അന്താരാഷ്ട്ര ഉപകമ്പനികൾ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് വേറെയും നികുതി നോട്ടീസ് ലഭിച്ചിട്ടുണ്ട്.

എന്നാൽ തങ്ങൾ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഡെലിവറി പാർട്ണർമാരിൽ നിന്ന് ഫീസ് മാത്രമാണ് വാങ്ങുന്നതെന്നും അതിനാൽ തന്നെ തങ്ങൾ നികുതി അടക്കാൻ ബാധ്യസ്ഥരല്ലെന്നുമാണ് കമ്പനിയുടെ വാദം.

ഏപ്രിൽ 20 ന് 11.82 കോടി രൂപ അടക്കാൻ സൊമാറ്റോയ്ക്ക് നിർദ്ദേശം ലഭിച്ചിരുന്നു. ഇന്ത്യക്ക് പുറത്തേക്ക് തങ്ങളുടെ തന്നെ സ്ഥാപനങ്ങളിലേക്ക് നടത്തിയ കയറ്റുമതിയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ഏപ്രിൽ ഒന്നിന് ലഭിച്ച മറ്റൊരു നോട്ടീസിൽ 23 കോടി രൂപ നികുതി അടക്കാനാണ് സൊമാറ്റോയോട് ഏജൻസി ആവശ്യപ്പെട്ടിരിക്കുന്നത്. മാർച്ച് 15 ന് ഗുജറാത്തിലെ സ്റ്റേറ്റ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ 8.6 കോടി രൂപ നികുതി അടക്കാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ് നൽകിയത്.

2018 ൽ വെറും 4.2 കോടി മാത്രമേ കമ്പനി നികുതി അടച്ചുള്ളൂവെന്ന് ചൂണ്ടിക്കാട്ടി 2023 ഡിസംബർ 30 നും 31 നും കമ്പനിക്ക് ഡൽഹി, കർണാടക എന്നിവിടങ്ങളിലെ ഏജൻസികളിൽ നിന്ന് മൂന്ന് തവണയാണ് നോട്ടീസ് ലഭിച്ചത്. ഡിസംബർ 28 ന് ജിഎസ്ടി അതോറിറ്റിയിൽ നിന്ന് 402 കോടിയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതായി കമ്പനി തന്നെ വെളിപ്പെടുത്തിയിരുന്നു. 2014 ഒക്ടോബർ മുതൽ 2017 ജൂൺ വരെ സേവന നികുതി അടക്കാത്തതിന് 184 കോടി രൂപയുടെ നികുതി നോട്ടീസും പിഴയടക്കം കമ്പിക്ക് ലഭിച്ചിരുന്നു. തൊട്ടുപിന്നാലെ കമ്പനി വിദേശത്തെ തങ്ങളുടെ ഉപകമ്പനികളുടെയെല്ലാം പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. സിങ്കപ്പൂർ, യുകെ, യുഎസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലുള്ള ഉപകമ്പനികളുടെ പ്രവർത്തനമാണ് അവസാനിപ്പിച്ചത്.

More Stories from this section

family-dental
witywide