ഡല്‍ഹിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകന്റെ മൃതദേഹം കനാലില്‍

ന്യൂഡല്‍ഹി: ജനുവരി 25 മുതല്‍ കാണാതായ ഡല്‍ഹി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ യശ്പാല്‍ സിംഗിന്റെ മകന്‍ ലക്ഷ്യ ചൗഹാന്റെ മൃതദേഹം കനാലില്‍ നിന്നും കണ്ടെത്തി.

26 കാരനായ ലക്ഷ്യ ചൗഹാന്‍, തന്റെ രണ്ട് സുഹൃത്തുക്കളായ വികാസ് ഭരദ്വാജ്, അഭിഷേക് എന്നിവരോടൊപ്പം ജനുവരി 25 തിങ്കളാഴ്ച ഹരിയാനയിലെ സോനെപത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.

എന്നാല്‍, അടുത്ത ദിവസം ചൗഹാന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന്, ഔട്ടര്‍-നോര്‍ത്ത് ഡല്‍ഹിയില്‍ എസിപിയായ പിതാവ് മകനെ കാണാതായതായി പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ചൗഹാന്‍ തന്നില്‍ നിന്ന് കടം വാങ്ങിയെന്നും പണം തിരികെ ചോദിച്ചപ്പോഴെല്ലാം മോശമായി പെരുമാറിയെന്നും വികാസ് അഭിഷേകിനോട് പറഞ്ഞു. തുടര്‍ന്ന് ചൗഹാനെ ഇല്ലാതാക്കാന്‍ ഇരുവരും പദ്ധതിയിടുകയായിരുന്നു.

തുടര്‍ന്ന് വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മൂനാക്ക് കനാലിന് സമീപം കാര്‍ നിര്‍ത്തി. അഭിഷേകും വികാസും ചൗഹാനെ കനാലിലേക്ക് തള്ളിയിട്ട് കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഇരുവരും ചോദ്യം ചെയ്യലില്‍ കുടുങ്ങുകയും സംഭവിച്ചതെല്ലാം പൊലീസിനോട് പറയുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പാനിപത്തിന് സമീപം കനാലില്‍ കാണാതായ ചൗഹാന്റെ മൃതദേഹം ഹരിയാനയിലെ ഒരു കനാലില്‍ കണ്ടെത്തിയത്.

More Stories from this section

family-dental
witywide