
വാഷിംഗ്ടണ്‍: ലോക വിപണിയെ താറുമാറാക്കുകയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതി ഉടലെടുക്കാന്‍ വഴിയൊരുക്കുകയും ചെയ്ത അമേരിക്കയുടെ തീരുവ യുദ്ധം അതിരുകടക്കുന്നു. അതേസമയം, ഇന്ത്യയടക്കം 60 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകള്‍ ഇന്ന് പ്രാബല്യത്തില്‍. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുക.
ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തി ചൈനയെ വെല്ലുവിളിച്ചിരിക്കുകയാണ് അമേരിക്ക. ഏപ്രില്‍ 9 ആയ ഇന്നാണ് ചൈനയ്‌ക്കെതിരായ പുതുക്കിയ തീരുവകള്‍ നിലവില്‍ വരിക. ഇന്ന് മുതല്‍ പുതുക്കിയ തീരുവ പ്രാബല്യത്തില്‍ വരുമെന്ന് വൈറ്റ്ഹൗസും സ്ഥിരീകരിച്ചു. തീരുവയില്‍ നിന്നും അമേരിക്കയെ പിന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്ന നടപടിയൊന്നും ഇതുവരെ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
ചൈനീസ് സമ്പദ്വ്യവസ്ഥ ഒരു കുളമല്ല, മറിച്ച് ഒരു സമുദ്രമാണെന്നാണ് വ്യാപര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പ്രതികരണം.
അമേരിക്ക ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 34 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചപ്പോള്‍ അതേ നാണയത്തില്‍ ചൈന തിരിച്ചടിച്ചതാണ് അമേരിക്കയെ പ്രകോപിപ്പിച്ചത്. എന്നാല്‍ ചൈനയ്ക്കുമേലുള്ള യുഎസിന്റെ പകരച്ചുങ്കം അടിസ്ഥാനരഹിതമാണെന്നും ഏകപക്ഷീയമായ ഭീഷണിപ്പെടുത്തല്‍ രീതിയാണെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു.
അതേസമയം 70 ഓളം രാജ്യങ്ങള്‍ താരിഫ് ചര്‍ച്ചകള്‍ക്കായി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ലോകത്തിന് അമേരിക്കയുടെ ആവശ്യമുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വ്യക്തമാക്കി.