![](https://www.nrireporter.com/wp-content/uploads/2024/02/russia-1.jpg)
ഡല്‍ഹി: റഷ്യന്‍ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 127 ഇന്ത്യക്കാരില്‍ 97 പേര്‍ സൈനിക സേവനത്തില്‍ നിന്ന് മോചിതരായെന്ന് കേന്ദ്ര സർക്കാർ. 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഇനിയും 18 പേരാണ് റഷ്യന്‍ പട്ടാളത്തില്‍ ഉള്ളത്. ഇതില്‍ 16 പേരെ കാണാതായതായി റഷ്യ സ്ഥിരീകരിച്ചിട്ടുണ്ട്. 12 പേര്‍ മരണപ്പെട്ടതില്‍ ഏഴുപേരുടെ ഭൗതികശരീരം നാട്ടില്‍ എത്തിച്ചു. രണ്ടുപേരുടെ മൃതശരീരം റഷ്യയില്‍ തന്നെ സംസ്‌കരിച്ചു. മരണപ്പെട്ട മൂന്നു പേരുടെ കാര്യത്തില്‍ റഷ്യയുടെ സ്ഥിരീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭയില്‍ അടൂര്‍ പ്രകാശ് എം പിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
2024 ഏപ്രില്‍ മുതല്‍ ഇന്ത്യക്കാരെ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നില്ലെന്ന് റഷ്യ പറയുന്നു. അതേസമയം, നിരവധി ഉറപ്പുകള്‍ക്കു ശേഷവും മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിക്കാത്തതില്‍ റഷ്യയോട് പ്രതിഷേധം അറിയിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.