
വാഷിംഗ്ടണ്‍ : 2018ലാണ് ഡി.ജെ.ഡാനിയേല്‍ എന്ന കുട്ടിയെ ജീവിതത്തിലെ വെല്ലുവിളികളിലേക്ക് തള്ളിവിട്ടുകൊണ്ട് കാന്‍സര്‍ പിടികൂടിയത്. ഡാനിയേലിന് മാസങ്ങള്‍ മാത്രമേ ജീവിക്കാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. രോഗം അത്രയേറെ ഡാനിയേലിനെ കാര്‍ന്നുതിന്നിരുന്നു. തലച്ചോറിലും സുഷുമ്‌നാ നാഡിയിലും ഡിജെയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു. പോരാടാനുറച്ച കുട്ടിക്ക് ഇതുവരെ തലച്ചോറില്‍ 13 ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ട്. ടെക്‌സസിലെ സാന്‍ അന്റോണിയോയിലാണ് ഡിജെ ജനിച്ചത്.
കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു പൊലീസുകാരനാകുക എന്നത്. എന്നാല്‍ ആയുസിന്റെ നീളം എത്രയെന്നുപോലുമറിയാത്ത ഡിജെ തന്റെ ആഗ്രം ഒരിക്കലും നടക്കില്ലെന്നുപോലും കരുതി. പക്ഷേ നിരാശനാകാതെ അവന്റെ സ്വപ്‌നം നിറവേറ്റാന്‍ അച്ഛന്‍ പരിശ്രമിച്ചു. ഒടുവില്‍ കുട്ടി ഡാനിയേലിന്റെ സ്വപ്‌നം ഇന്ന് സാക്ഷാത്കരിച്ചു. കാരണക്കാരനോ സാക്ഷാല്‍ ട്രംപും.
കാന്‍സറിനെ അതിജീവിച്ച ഡി.ജെ.ഡാനിയേലിനെ യുഎസിലെ സീക്രട്ട് സര്‍വീസിലെ ഓണററി അംഗമാക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് നിറകയ്യടിയാണ് ലഭിക്കുന്നത്. സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ ഷോണ്‍ കറനോട് കുട്ടിയെ സീക്രട്ട് സര്‍വീസിലെടുക്കണമെന്ന് ട്രംപ് നിര്‍ദേശിച്ചിരുന്നു. സംയുക്ത സെഷനില്‍ വച്ച് സീക്രട്ട് സര്‍വീസ് ഡയറക്ടര്‍, ഡാനിയേലിന് ഓണററി അംഗത്തിനുള്ള ബാഡ്ജ് നല്‍കി.
”2018ലാണ് ഡിജെയ്ക്ക് അര്‍ബുദം സ്ഥിരീകരിക്കുന്നത്. 5 മാസം മാത്രമേ ജീവിക്കൂ എന്നാണ് അന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. എന്നാല്‍ ഡിജെ അതിനെയെല്ലാം തോല്‍പ്പിച്ചു. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ അവന്റെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം നിറവേറ്റാനുള്ള ശ്രമത്തിലായിരുന്നു ഡിജെയും അദ്ദേഹത്തിന്റെ അച്ഛനും. അതാണ് ഇപ്പോള്‍ നിറവേറിയിരിക്കുന്നത്. ഡിജെയെ യുഎസിലെ സീക്രട്ട് സര്‍വീസിലെ ഓണററി അംഗമാക്കിയിരിക്കുകയാണ്”- ട്രംപ് പറഞ്ഞു.