
കാസർഗോഡ് പൈവളിഗയിൽ നിന്ന് മൂന്നാഴ്ച്ച മുന്നേ കാണാതായ 15കാരിയായ പെൺകുട്ടിയെയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. 15കാരി പെൺകുട്ടി, ഇവരുടെ അയൽവാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാഴ്ച മുമ്പ് കാണാതായ ഇവരെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായത് ഒരേയിടത്ത് നിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു. എന്നാൽ യാതൊന്നും കണ്ടെത്താനായിരുന്നില്ല. തുടർന്ന് വീണ്ടും തെരച്ചിൽ നടത്തുകയായിരുന്നു. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവളിഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണു പിതാവ് പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിനു പുലർച്ചെ മൂന്നരയോടെയാണ് പെൺകുട്ടിയെ കാണാതായതെന്ന് കണ്ടെത്തിയത്.ഇതേ ദിവസം തന്നെ പ്രദേശവാസായായ പ്രദീപിനെയും കാണാതായിരുന്നു. ഇയാൾ ഓട്ടോ ഡ്രൈവറാണ്. പെൺകുട്ടിയോടും കുടുംബത്തോടും അടുപ്പമുണ്ടായിരുന്ന ആളായിരുന്നു ഇയാൾ. പ്രദീപിനെ സംശയമുണ്ടെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.
അതേസമയം പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച്ചയെന്ന് വിമർശനം ശക്തമായിട്ടുണ്ട്. പെൺകുട്ടിയെ കാണാതായി 3 ആഴ്ച കഴിഞ്ഞിട്ടും പോക്സോ കേസ് ആയിട്ടുപോലും പൊലീസ് വേണ്ട രീതിയിൽ അന്വേഷണം നടത്തിയില്ലെന്നാണ് വിമർശനം ഉയരുന്നത്.