വാഷിങ്ടന്‍: യുഎസിലുള്ള അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പുതിയൊരു തുറുപ്പുചീട്ട് വീണുകിട്ടി. അതാണ് ‘ഏലിയന്‍സ് എനിമി ആക്ട്’. 18ാം നൂറ്റാണ്ടിലെ നിയമമായ ‘ഏലിയന്‍സ് എനിമി ആക്ട്’ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ട്രംപ്. അങ്ങനെയെങ്കില്‍ കുടിയേറ്റക്കാരില്‍ ക്രിമിനല്‍ ഗ്യാങ് അംഗങ്ങള്‍ എന്നു സംശയിക്കുന്നവരെ കോടതി നടപടികള്‍ക്കൊന്നും കാത്തുനില്‍ക്കാതെ നാടുകടത്താനാകും. അതിനുള്ള അധികാരമാണ് ഈ നിയമം നല്‍കുന്നത്.
രണ്ടാം ലോകയുദ്ധകാലത്താണ് ഈ നിയമം അവസാനമായി യുഎസില്‍ ഉപയോഗിച്ചത്. എന്നാല്‍, ഇപ്പോഴുള്ളത് യുദ്ധസമാന സാഹചര്യമെല്ലന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ നീക്കത്തെ സാമൂഹിക പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.
അതേസമയം, ഏതുവിധേനയും അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയേ തീരൂ എന്ന വാശിയിലാണ് ട്രംപ്. ഇതിനായി ശക്തമായ നടപടികള്‍ക്കു രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്. കൂട്ടമായുള്ള തിരിച്ചയയ്ക്കലിനെ സഹായിക്കാന്‍ സൈന്യത്തിനു നിര്‍ദേശമുണ്ട്. സ്‌കൂളുകളില്‍ നിന്നും പള്ളികളില്‍നിന്നും ആശുപത്രികളില്‍നിന്നും പോലും അറസ്റ്റ് നടത്താന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് കൂടുതല്‍ അധികാരവും നല്‍കിയിട്ടുണ്ട്.