
വാഷിംഗ്ടൺ: അനധികൃത വിവര ചോർച്ച സംബന്ധിച്ചുള്ള അന്വേഷണം കഴിയുന്നത് വരെ പ്രതിരോധ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരെ പെന്റഗൺ ഭരണപരമായ അവധിയിൽ പ്രവേശിപ്പിച്ചു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ സീനിയർ ഉപദേഷ്ടാവ് ഡാൻ കാൾഡ്‌വെല്ലിനെ ചൊവ്വാഴ്ച പെന്റഗണിൽ നിന്ന് അകറ്റി നിർത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പെന്റഗണിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഡാരിൻ സെൽനിക്കിനെയും ഇതേ അന്വേഷണത്തിന്റെ ഭാഗമായി സസ്പെൻഡ് ചെയ്തുവെന്നാണ് പ്രതിരോധ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.
മാർച്ച് അവസാനത്തോടെ ഹെഗ്സെത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് ജോ കാസ്പർ പെന്റഗണിന് ഒരു മെമ്മോ അയച്ചു, അതിൽ അനധികൃത വിവര ചോർച്ചകളെക്കുറിച്ച് അന്വേഷണം നടത്താനും ആവശ്യമെങ്കിൽ നുണപരിശോധന നടത്താനും നിർദ്ദേശിച്ചിരുന്നു. ഒരു അന്വേഷണത്തിനിടയിൽ കാൾഡ്‌വെല്ലിനെ ഭരണപരമായ അവധിയിൽ പ്രവേശിപ്പിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് റോയിട്ടേഴ്സ് ആണ്. സെൽനിക്കിനെ അവധിയിൽ പ്രവേശിപ്പിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് പൊളിറ്റിക്കോയാണ്.
റിപ്പോർട്ടർമാരുമായി രഹസ്യ രേഖകൾ പങ്കുവെച്ചുവെന്നാണ് കാൾഡ്‌വെല്ലിനെതിരായ ആരോപണമെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
കാൾഡ്‌വെൽ മുമ്പ് ഫോറിൻ പോളിസി തിങ്ക് ടാങ്കായ ഡിഫൻസ് പ്രയോറിറ്റീസിലും ഹെഗ്സെത്ത് മുമ്പ് നേതൃത്വം നൽകിയിരുന്ന കൺസേൺഡ് വെറ്ററൻസ് ഫോർ അമേരിക്ക എന്ന സംഘടനയിലും പ്രവർത്തിച്ചിട്ടുണ്ട്. കാൾഡ്‌വെൽ മറൈൻ കോർപ്സിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്, ഇറാഖ് യുദ്ധത്തിലെ ഒരു സൈനികനുമാണ് അദ്ദേഹം.