
ലോസ് ഏഞ്ചൽസ്: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ആകാംഷക്ക് വിരാമമാകാൻ മണിക്കൂറുകൾ മാത്രം. ലോകം കാത്തിരിക്കുന്ന 97-ാമത് ഓസ്കർ അവാർഡുകൾ പുലർച്ചെ പ്രഖ്യാപിക്കും. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്കാര പ്രഖ്യാപനം. ഹാസ്യനടനും എമ്മി പുരസ്കാര ജേതാവുമായ കോനൻ ഒബ്രിയൻ ആകും പുരസ്കാര ചടങ്ങിലെ അവതാരകൻ. ആദ്യമായാണ് ഒബ്രിയാൻ ഓസ്കാറിന്റെ അവതാരകനാകുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 5:30 മുതൽ സ്റ്റാർ മൂവീസിലും ജിയോ ഹോട്ട്‌സ്റ്റാറിലും പരിപാടി തത്സമയം പ്രേഷകര്‍ക്ക് കാണാനാകും.
മികച്ച ചിത്രം, സംവിധാനം, നടൻ, നടി തുടങ്ങി പ്രധാന വിഭാഗങ്ങളിലെല്ലാം കടുത്ത മത്സരമാണ് ഇത്തവണ. 13 നോമിനേഷനുകൾ വാരിക്കൂട്ടിയ ഫ്രാൻസിൽ നിന്നുള്ള എമിലിയ പെരെസ് ഓസ്കർ വേദി കീഴടക്കുമെന്ന് കരുതിയവർ ഏറെയാണ്. പക്ഷെ ചിത്രത്തിലെ ട്രാൻസ് നായിക കാർല സോഫിയ ഗാസ്കോണിന്റെ പഴയ കാല വിദ്വേഷ പോസ്റ്റുകൾ ചൂടൻ വിവാദങ്ങൾക്ക് തിരികൊളുത്തിയതോടെ ആ സാധ്യതകളെല്ലാം മങ്ങിയെന്നാണ് വിലയിരുത്തലുകൾ. രണ്ടാം ലോക മഹായുദ്ധകാലത്തെ ജൂതവംശഹത്യയെ അതിജീവിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ശിൽപിയുടെ കഥ പറഞ്ഞ ദ ബ്രൂട്ടലിസ്റ്റ്, ലൈംഗിക തൊഴിലാളിയുടെ ജീവിതം അനാവരണം ചെയ്ത അനോറ, വത്തിക്കാൻ ത്രില്ലർ കോൺക്ലേവ് തുടങ്ങി മികച്ച സിനിമയ്ക്കുള്ള ഓസ്കറിനായി ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുടെ ലൈനപ്പാണ് ഇത്തവണ ഉള്ളത്. പെൺ സാന്നിധ്യം ഏറെയുള്ള സംവിധായക നിരയിലും കപ്പ് ആരടിക്കും എന്നത് പ്രവചനാതീതമാണ്.
ദ ബ്രൂട്ടലിസ്റ്റിലൂടെ ഗോൾഡൺ ഗ്ലോബും ബാഫ്റ്റയും നേടിയ നടൻ അഡ്രിയാൻ ബ്രോഡിക്ക് വെല്ലുവിളിയായി കോൺക്ലേവിൽ കർദിനാളായി വേഷമിട്ട റാൽഫ് ഫൈൻസും, ദ അപ്രന്റീസിൽ യുവ ട്രംപായി അഭിനയിച്ച സെബാസ്റ്റ്യൻ സ്റ്റാനുമുണ്ട്. അനോറയിലെ പ്രകടനം മികച്ച നടിക്കുള്ള ഓസ്കറിനായി മൈക്കി മാഡിസണിന്റെ സാധ്യതകൾ കൂട്ടുന്നുണ്ട്. എന്നാൽ ദ സബ്സ്റ്റൻസിൽ മിന്നിച്ച ഹോളിവുഡ് ഐക്കൺ ഡെമി മൂറിനെയും, അയാം സ്റ്റിൽ ഹിയറിലെ നായിക ഫെർണാണ്ട ടോറസിനെയും കൂടി ചേർത്തുപിടിക്കുന്നുണ്ട് പ്രവചനങ്ങൾ.
ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ നാമനിർദേശം നേടിയ അനുജയിലാണ് ഇന്ത്യൻ പ്രതീക്ഷ. ഇന്ത്യൻ – അമേരിക്കൻ സംരംഭമായ നെറ്റ്ഫ്ലിക്സ് ചിത്രം അനുജ , ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ വലിയ പ്രതീക്ഷയാണ്. ഡൽഹിയുടെ പശ്ചാത്തലത്തിൽ 9 വയസുകാരിയുടെ ജീവിതം പറയുന്ന ചിത്രം, നിർമ്മിച്ചത് നടി പ്രിയങ്ക ചോപ്രയും ഗുനീത് മോംഗയും ചേർന്നാണ്. 23 വിഭാഗങ്ങളിലായിട്ടാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. ട്രംപിന്റെ രണ്ടാം വരവിന് ശേഷമുള്ള ആദ്യ ഓസ്കർ വേദിയായതിനാൽ തന്നെ ശക്തമായ രാഷ്ട്രീയ പ്രഖ്യാപനമുണ്ടാകുമോ എന്നതും കണ്ടറിയണം.
വിശദ വിവരങ്ങൾ ഇങ്ങനെ
അനോറ, ദി ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അൺനോൺ കോൺക്ലേവ്, ഡ്യൂൺ: രണ്ടാം ഭാഗം, എമിലിയ പെരസ്, ഐ ആം സ്റ്റിൽ ഹിയർ, നിക്കൽ ബോയ്സ്, ദി സബ്‌സ്റ്റൻസ്, വിക്കഡ് എന്നിവയാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്നത്. ജാക്വസ് ഓഡിയാർഡ്(എമിലിയ പെരെസ്), സീൻ ബേക്കർ (അനോറ), ബ്രാഡി കോർബറ്റ്(ദി ബ്രൂട്ടലിസ്റ്റ്), കോറലി ഫാർഗേറ്റ്(ദി സബ്സ്റ്റൻസ്), ജെയിംസ് മാൻഗോൾഡ്(എ കംപ്ലീറ്റ് അൺനോൺ) എന്നിവരാണ് മികച്ച സംവിധാനത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നത്.
സിന്തിയ എറിവോ(വിക്കഡ്), കാർല സോഫിയ ഗാസ്കോൺ(എമിലിയ പെരെസ്), മിക്കി മാഡിസൺ(അനോറ), ഡെമി മൂർ( ദി സബ്സ്റ്റൻസ്), ഫെർണാണ്ട ടോറസ്(ഐ ആം സ്റ്റിൽ ഹിയർ) എന്നിവർ മികച്ച നടിക്കുള്ള നോമിനേഷനിലുണ്ട്. ആദ്യമായി ട്രാൻസ് ജെൻഡർ വിഭാഗത്തിൽ നിന്നുള്ള അഭിനേത്രിയായി നോമിനേഷൻ പട്ടികയിൽ ഇടംപിടിച്ചയാളാണ് കാർല സോഫിയ ഗാസ്കോൺ. മികച്ച നടിക്കുള്ള പുരസ്കാരം നേടിയാൽ ഓസ്കർ ചരിത്രത്തിൽ പുതു ചരിത്രം കുറിക്കും ഈ 52കാരി.അഡ്രിയൻ ബ്രോഡി(ദി ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷലമേ(എ കംപ്ലീറ്റ് അൺനോൺ), കോൾമൻ ഡൊമിംഗോ(സിംഗ് സിംഗ്), റെയ്ഫ് ഫൈൻസ്(കോൺക്ലേവ്), സെബാസ്റ്റ്യൻ സ്റ്റാൻ(അപ്രൻ്റീസ്) എന്നിങ്ങനെയാണ് മികച്ച നടൻമാർക്കുള്ള നോമിനേഷനുകൾ.