
പാലക്കാട്: കേരളത്തിൽ വീണ്ടും കാട്ടാനായക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടമായി. പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ 23 കാരനായി ജീവൻ നഷ്ടമായത്. മുണ്ടൂർ കയറംകോട് കണ്ണാടം അത്താണിപ്പറമ്പ് കുളത്തിങ്കൽ വിനുവിന്റെ മകൻ അലൻ ആണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. അലനെ കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ അലന്റെ അമ്മ വിജയയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി എട്ടു മണിയോടെ അലനും വിജയയും വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അലന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മേഖലയിൽ കാട്ടാനശല്യം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടാനായാക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടമാകുന്നതിന് ഒരു പരിഹാരവുമില്ലേയെന്ന ചോദ്യം ഉയർത്തി നാട്ടുകാർ പ്രതിഷേധവും ശക്തമാക്കുന്നുണ്ട്.