
മുംബൈ: മുബൈ ഭീകരാക്രമണ കേസ് സൂത്രധാരനും പാക്കിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഡൽഹിയിലെത്തിച്ചതിന് പിന്നാലെ എൻ ഐ എ അറസ്റ്റ് രേഖപ്പെടുത്തി. ദില്ലി വിമാനത്താവളത്തിൽ വെച്ചാണ് എൻ ഐ എ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. റാണയുടെ ചിത്രമടക്കം പുറത്തുവന്നിട്ടുണ്ട്. ഡൽഹി പാലം വ്യോമസേന വിമാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. എന്‍എസ്ജി കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചെന്ന് എന്‍ഐഎ വ്യക്തമാക്കി.
റാണയെ എത്തിച്ച സാഹചര്യത്തിൽ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനായി റാണയെ കോടതിയില്‍ ഹാജരാക്കുമെന്ന് എൻ ഐ എ അറിയിച്ചു. എന്‍ഐഎ അഭിഭാഷകര്‍ പാട്യാല ഹൗസ് കോടതിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. എന്‍ഐഎ ഓഫീസിന് മുന്നിലെ സുരക്ഷ ക്രമീകരണങ്ങള്‍ ദില്ലി പൊലീസ് വിലയിരുത്തി. ദില്ലി ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലെ അഭിഭാഷകന്‍ ആയിരിക്കും റാണക്കായി ഹാജരാകുക.
നടപടി ക്രമങ്ങൾക്കു ശേഷം തിഹാർ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലേക്ക് മാറ്റും. എൻ ഐ എയുടെ പന്ത്രണ്ടംഗ സംഘമാണ് റാണയെ ചോദ്യം ചെയ്യുക. രണ്ട് ഐ ജി, ഒരു ഡി ഐ ജി, ഒരു എസ് പി എന്നിവരടാണ് സംഘത്തിലുള്ളത്. റാണയെ രാജ്യത്തെത്തിക്കുന്നതിനാൽ കനത്ത സുരക്ഷയിലായിരുന്നു ഡൽഹി. വൻ സുരക്ഷാ സന്നാഹമാണ് വിമാനത്താവളത്തിലും പരിസരത്തും എൻ ഐ എ ആസ്ഥാനത്തും ഒരുക്കിയിരിക്കുന്നത്.
2019 ലാണ് പാക്കിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണയെ കൈമാറണെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അമേരിക്കക്ക് അപേക്ഷ നല്‍കിയത്. മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനായ റാണക്കെതിരായ തെളിവുകളും കൈമാറി. ഇന്ത്യയില്‍ എത്തിയാല്‍ മതത്തിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുമെന്ന് റാണ യു എസ് സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ അപേക്ഷ തള്ളിയ അമേരിക്കന്‍ സുപ്രീം കോടതി 2025 ജനുവരി 25 നാണ് റാണയെ ഇന്ത്യക്ക് കൈമാറാന്‍ അനുമതി നല്‍കിയത്.