പത്ത്‌ നാൾ നീണ്ട പ്രാർത്ഥനകളും രക്ഷാദൗത്യവും വിഫലം: കുഴൽകിണറിൽവീണ 3 വയസുകാരിയെ പുറത്തെത്തിച്ചു, പക്ഷേ ജീവൻ നഷ്ടം

ജയ്പുർ: രാജസ്ഥാനിലെ കോട്പുതലി ​ഗ്രാമത്തിലെ കുഴൽക്കിണറിൽ വീണ മൂന്നുവയസുകാരി ചേതനയെ രക്ഷിക്കാനായി 10 ദിവസം നീണ്ട രക്ഷാപ്രവർത്തനവും പ്രാർത്ഥനകളും വിഫലം. 10 ദിവസത്തിനൊടുവിൽ രക്ഷാപ്രവർത്തനത്തിനുശേഷം കുട്ടിയെ പുറത്തെടുത്ത്‌ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിസംബർ 23 നാണ്‌ കുട്ടി 150 അടി താഴ്ചയിലുള്ള കിണറിൽ വീണത്‌.

കുഴൽക്കിണറിന് സമാന്തരമായി കുഴിയെടുത്തായിരുന്നു രക്ഷാപ്രവർത്തനം. ആദ്യം നിർമിച്ച കുഴിയുടെ ദിശ മാറിപ്പോയത് രക്ഷാപ്രവർത്തനത്തെ വൈകിപ്പിക്കുകയും ഒടുവിൽ മറ്റൊരു കുഴി കുഴിച്ച്‌ കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു. കുഴിയിലേക്ക് ഓക്‌സിജനും ഭക്ഷണവും വെള്ളവും എത്തിച്ചായിരുന്നു രക്ഷാപ്രവർത്തനം. എന്നാൽ അവസാന മണിക്കൂറുകളിൽ കിണറ്റിലേക്ക് ഓക്‌സിജനോ ഭക്ഷണമോ വെള്ളമോ എത്തിക്കാനായിരുന്നില്ല. ഡിസംബർ 27 വെള്ളിയാഴ്ച പെയ്ത മഴയും ഇടയ്ക്ക് രക്ഷാപ്രവർത്തനം തടസപ്പെടുത്തി.

ബദിയാലി ധനിയിൽ പിതാവിന്റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് ചേതന കുഴൽക്കിണറിൽ വീണത്.രണ്ടാഴ്ചയ്ക്കിടെ രാജാസ്ഥാനിൽ കുഴൽക്കിണറിൽ കുട്ടികൾ വീഴുന്ന രണ്ടാമത്തെ സംഭവമാണിത്. ദൗസ ജില്ലയിൽ അഞ്ചുവയസുകാരനെ 55 മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെടുത്തെങ്കിലും മരിച്ചു. കുറച്ചു ദിവസങ്ങൾക്കുമുമ്പ്‌ മധ്യപ്രദേശിലെ ഗുണ ജില്ലയിലും 10 വയസുകാരൻ കുഴൽകിണറിൽ വീണ്‌ മരണമടഞ്ഞിരുന്നു.

More Stories from this section

family-dental
witywide