
ന്യൂഡല്‍ഹി : ഡല്‍ഹി തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷം. പഞ്ചാബിലെ 30 എംഎല്‍എമാര്‍ രാജി ഭീഷണി മുഴക്കി രംഗത്തെത്തി. മുഖ്യമന്ത്രി ഭഗവന്ത്മാനൊപ്പം നീങ്ങാനാവില്ലെന്ന നിലപാടിലാണ് എം എല്‍എമാര്‍.
പാര്‍ട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനമായ പഞ്ചാബില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനുള്ള തത്രപ്പാടിലാണ് എഎപി. പ്രതിസന്ധി പരിഹരിക്കാന്‍ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ എംഎല്‍എമാരുമായി ഫോണില്‍ സംസാരിച്ചു. വിഷയം തണുപ്പിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്. അരവിന്ദ് കേജ്രിവാള്‍ ചൊവ്വാഴ്ച പഞ്ചാബിലെ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചു.
അതേസമയം, സാഹചര്യം മുതലെടുക്കാന്‍ എംഎല്‍എമാരുമായി കോണ്‍ഗ്രസും ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയാകാനാണു കേജ്രിവാളിന്റെ നീക്കമെന്നു ബിജെപി നേതാവ് സുഭാഷ് ശര്‍മയും അഭിപ്രായപ്പെട്ടു.