ലഖ്നൗ: മഹാകുംഭമേളക്കിടെയുണ്ടായ ദുരന്തത്തിൽ 30 പേർ മരണപ്പെട്ടെന്ന് ഔദ്യോഗികമായി അറിയിച്ച് ഉത്തർ പ്രദേശ് സർക്കാർ. കുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് പരിക്ക് പരിക്കേറ്റതായും സർക്കാർ വ്യക്തമാക്കി. മരിച്ച 25 പേരെ തിരിച്ചറിഞ്ഞെന്നും സർക്കാർ വ്യക്തമാക്കി. കണക്കുകൾ പുറത്തുവിടുന്നില്ലെന്ന വിമർശനം ശക്തമായതോടെയാണ് കണക്കുകൾ യോഗി സർക്കാർ പുറത്തുവിട്ടത്. മൗനി അമാവാസി ദിനത്തിൽ സന്യാസിമാർക്കൊപ്പം സ്നാനത്തിൽ പങ്കെടുക്കാൻ ആളുകൾ തിരക്കുകൂട്ടിയതാണ് അപകടത്തിന്‍റെ കാരണമെന്നാണ് സർക്കാർ പറയുന്നത്.
അതിനിടെ ദുരന്തത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. 3 അംഗ സമിതിയാകും ദുരന്തം അന്വേഷിക്കുക. അതേസമയം ദുരന്തമുണ്ടായ ത്രിവേണി ഘട്ടിൽ സ്നാനം വീണ്ടും തുടങ്ങി. അത്യാവശ്യ സാഹചര്യങ്ങളിൽ ഹെൽപ് ലൈൻ നമ്പറായ 1920-ൽ ബന്ധപ്പെടണമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം മഹാകുംഭമേളക്കിടെയുണ്ടായ ദുരന്തത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദുരന്തത്തിന് കാരണം സർക്കാരിന്‍റെ പിടിപ്പുകേടാണെന്ന് പറഞ്ഞ അഖിലേഷ് യാദവ്, ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. രാഹുൽ ഗാന്ധിയും യോഗി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.