
കാലിഫോര്‍ണിയ : യുഎസിലെ ഡിസ്‌നിലാന്‍ഡില്‍വെച്ച് ഇന്ത്യന്‍ വംശജയായ സ്ത്രീ 11 വയസ്സുള്ള മകനെ കഴുത്തറുത്ത് കൊന്നുവെന്ന് റിപ്പോര്‍ട്ട്. സരിത രാമരാജു എന്ന 48കാരിക്കെതിരെ കൊലപാതകക്കുറ്റവും ആയുധം, കത്തി എന്നിവ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുള്ള വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
സരിതയ്‌ക്കെതിരെ എടുത്തിരിക്കുന്ന കുറ്റങ്ങള്‍ തെളിഞ്ഞാല്‍ പരമാവധി ജീവപര്യന്തം തടവ് ലഭിക്കുമെന്ന് കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയിലെ ജില്ലാ അറ്റോര്‍ണി ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.
ഭര്‍ത്താവുമായി പിരിഞ്ഞ സരിത 2018 ല്‍ കാലിഫോര്‍ണിയയില്‍ നിന്ന് താമസം മാറിയിരുന്നു . സരിത സാന്റാആനയിൽ കസ്റ്റഡി വിസിറ്റിന്റെ ഭാഗമായി മകനെ സന്ദർശിക്കുന്നതിനാണ് എത്തിയത്. മകനൊപ്പം ഡിസ്നിലാന്‍ഡിലേക്ക് മൂന്ന് ദിവസത്തെ അവധിയാഘോഷിക്കാനായാണ് സരിത പോയത്. അവിടെവെച്ചാണ് മാര്‍ച്ച് 19 ന് രാവിലെ 9:12 ന് (പ്രാദേശിക സമയം) 911 എന്ന നമ്പറില്‍ വിളിച്ച് മകനെ കൊലപ്പെടുത്തിയെന്നും ആത്മഹത്യ ചെയ്യാന്‍ ചില ഗുളികകള്‍ കഴിച്ചതായും അവര്‍ പറഞ്ഞത്. താമസിയാതെ, സാന്റാ അന പൊലീസ് സ്ഥലത്തെത്തി. ഹോട്ടല്‍മുറിയിലെ കട്ടിലില്‍ 11 വയസ്സുള്ള ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സരിത പൊലീസിനെ വിളിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ്തന്നെ കുട്ടി മരിച്ചതായാണ് വിവരം.