
യുഎസില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച പകരച്ചുങ്കം മറികടക്കാനുള്ള കഠിന ശ്രമത്തിലാണ് ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍. ഇതിന്റെ ഭാഗമായി നിര്‍മാണ ശാലകളില്‍ ഐഫോണ്‍ ഉത്പാദനം വര്‍ധിപ്പിച്ച കമ്പനി, ടണ്‍ കണക്കിന് ഐഫോണുകള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റി അയക്കുകയാണ്.
ഇന്ത്യയില്‍ നിന്ന് 600 ടണ്‍ ഐഫോണുകളാണ് ആപ്പിള്‍ കൊണ്ടുപോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് വിമാനങ്ങളിലായാണ് ഈ ചരക്കുനീക്കം നടക്കുന്നത്. 600 ടണ്‍ ഐഫോണുകള്‍ എന്ന് പറയുമ്പോള്‍ ഏകദേശം 15 ലക്ഷം ഐഫോണുകള്‍ വരും.
100 ടണ്‍ ശേഷിയുള്ള ആറ് കാര്‍ഗോ വിമാനങ്ങളാണ് മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ നിന്ന് പോയത്. അതില്‍ ആറാമത്തേത് ഈ ആഴ്ചയാണ് പോയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ യുഎസിലേക്കുള്ള ഐഫോണ്‍ ഇറക്കുമതി കമ്പനിക്ക് അധികചെലവാകുന്ന സ്ഥിതിയാണ്. ഇന്ത്യയ്ക്ക് 26 ശതമാനമാണ് നികുതി പ്രഖ്യാപിച്ചതെങ്കില്‍, ഐഫോണിന്റെ 90 ശതമാനം ഉത്പാദനവും നടക്കുന്ന ചൈനയ്ക്ക് 125 ശതമാനം ഇറക്കുമതിച്ചുങ്കമാണ് യുഎസ് പ്രഖ്യാപിച്ചത്.
നിലവില്‍ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് പ്രഖ്യാപിച്ച നികുതി വര്‍ധന 90 ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ഇക്കാലയളവിനുള്ളില്‍ പരമാവധി ഐഫോണുകള്‍ യുഎസിലെത്തിക്കാനുള്ള നീക്കത്തിലാണ് ആപ്പിള്‍.
ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ ഉത്പാദനം 20 ശതമാനം ആപ്പിള്‍ വര്‍ധിപ്പിച്ചതായാണ് വിവരം. ഞായറാഴ്ചകളില്‍ പോലും ജോലി നടക്കുന്നുണ്ട്. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ ഫാക്ടറിയിലാണ് പ്രധാനമായും ഉത്പാദനം നടക്കുന്നത്. വിമാനത്താവള അധികൃതരുടെ സഹായത്തോടെ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകളുടെ ദൈര്‍ഘ്യം 30 മണിക്കൂറില്‍ നിന്ന് ആറ് മണിക്കൂറാക്കി ചുരുക്കുകയും ചെയ്തു.
ചൈനയില്‍ നിന്നും വന്‍ തോതില്‍ ഐഫോണുകള്‍ കൊണ്ടുപോയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ചൈനയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ഉത്പാദനം വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ നീക്കം ഈ സാഹചര്യത്തില്‍ സഹായകമായിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിയേക്കാള്‍ കുറവാണ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി. മാത്രവുമല്ല, നികുതി വര്‍ധനവിന് താത്കാലിക ഇളവു ലഭിച്ചവരില്‍ ഇന്ത്യയുമുണ്ട്. എന്നാല്‍ ചൈനയ്ക്ക് ഈ ഇളവില്ല.