കെജ്രിവാളിന് വന്‍ തിരിച്ചടി; 7 ആം ആദ്മി എംഎല്‍എമാര്‍ രാജിവച്ചു,’വിശ്വാസം നഷ്ടപ്പെട്ടുവെന്നു പ്രതികരണം’, നീക്കം തിരഞ്ഞെടുപ്പിന് 5 ദിവസം ശേഷിക്കെ

ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അഞ്ചു ദിവസം മാത്രം ശേഷിക്കെ ഏഴ് ആം ആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എമാര്‍ രാജിവച്ചു. കെജ്രിവാളില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. മാത്രമല്ല, ഈ ഏഴുപേര്‍ക്കും വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി അവസരം നല്‍കിയിരുന്നില്ലെന്നതും ശ്രദ്ധേയം.

നരേഷ് യാദവ് (മെഹ്റൗളി), രോഹിത് കുമാര്‍ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദന്‍ ലാല്‍ (കസ്തൂര്‍ബ നഗര്‍), പവന്‍ ശര്‍മ്മ (ആദര്‍ശ് നഗര്‍), ഭാവ്‌ന ഗൗഡ്, ബിഎസ് ജൂണ്‍ (ബിജ്വാസന്‍) എന്നിവരാണ് രാജിവെച്ചത്.

‘എനിക്ക് നിങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ഭാവന ഗൗഡ് എംഎല്‍എ തന്റെ രാജി കത്തില്‍ പാര്‍ട്ടി മേധാവി അരവിന്ദ് കെജ്രിവാളിനോട് നിരാശ പ്രകടിപ്പിച്ചത്. നരേഷ് യാദവിനെ ഡിസംബറില്‍ ഖുര്‍ആന്‍ അവഹേളന കേസില്‍ പഞ്ചാബ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഫെബ്രുവരി 5 ന് നടക്കാനിരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പിനുള്ള അഞ്ചാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക ആം ആദ്മി പുറത്തിറക്കിയപ്പോള്‍, നരേഷ് യാദവിന് പകരം മഹേന്ദര്‍ ചൗധരിയെ മെഹ്റൗളി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ‘സത്യസന്ധമായ രാഷ്ട്രീയം’ എന്ന സ്ഥാപക തത്വം എഎപി ഉപേക്ഷിച്ചുവെന്ന് നരേഷ് യാദവ് തന്റെ രാജി കത്തില്‍ ആരോപിച്ചു. അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ നിറവേറ്റുന്നതിനുപകരം പാര്‍ട്ടി അഴിമതിയുടെ ചതുപ്പിലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ ഫെബ്രുവരി 5 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഫെബ്രുവരി 8 നും. പ്രചരണം കൊഴുപ്പിച്ചിരിക്കെ എം.എല്‍.എമാരുടെ രാജി പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കും.

More Stories from this section

family-dental
witywide