
വാഷിംഗ്ടണ്‍ : അമേരിക്കന്‍ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉറ്റ സുഹൃത്തുക്കളാണ് തങ്ങളെന്ന് മോദിയും യുഎസ് പ്രസിഡന്റ് ട്രംപും മുമ്പ് പലവട്ടം പറഞ്ഞിട്ടുമുണ്ട്. ഇരുവരും ഇന്ന് പുലര്‍ച്ചെ (ഇന്ത്യന്‍ സമയം) നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പത്ര സമ്മേളനത്തിലും പരസ്പരം വാനോളം പുകഴ്ത്തിയിരുന്നു.
ഇക്കുറി മോദിയെക്കുറിച്ച് ട്രംപ് പറഞ്ഞ ആ ഏഴുകാര്യങ്ങള്‍ വെറും പുകഴ്ത്തല്‍ മാത്രമായിരുന്നില്ല. ഇരുവരുടേയും സൗഹൃദത്തെ സൂചിപ്പിക്കാനുള്ളതുകൂടിയായിരുന്നു.
”ഇന്ത്യയില്‍ അദ്ദേഹം വളരെ മികച്ച ജോലിയാണ് ചെയ്യുന്നത്. എല്ലാവരും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നു. അദ്ദേഹം വളരെ മികച്ച ഒരു ജോലിയാണ് ചെയ്യുന്നത് ” എന്നായിരുന്നു മോദിയെക്കുറിച്ച് ട്രംപ് പറഞ്ഞത്.
”അദ്ദേഹം ഒരു മികച്ച നേതാവാണ്” എന്ന് മറ്റൊരു പ്രശംസകൂടി ട്രംപ് നടത്തി.
വൈറ്റ് ഹൗസില്‍ മോദിയെ ഊഷ്മളമായ ആലിംഗനത്തോടെ സ്വാഗതം ചെയ്ത ട്രംപ് ‘ഞങ്ങള്‍ നിങ്ങളെ വളരെയധികം മിസ്സ് ചെയ്തു’ എന്നാണ് എടുത്തു പറഞ്ഞത്.
പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രിയെ പ്രശംസിക്കുകയും പ്രധാനമന്ത്രിക്ക് സമ്മാനിച്ച ‘Our Journey Together’ എന്ന പുസ്തകത്തില്‍ ‘Mr. Prime Minister, You Are Great’ എന്ന് എഴുതുകയും ചെയ്തു.
”എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം ഒരു പ്രത്യേക മനുഷ്യനാണ്” എന്നതായിരുന്നു ട്രംപിന്റെ വാക്കുകളില്‍ മോദിയെ വിവരിച്ചത്.
”പ്രധാനമന്ത്രി മോദി വളരെക്കാലമായി എന്റെ ഒരു സുഹൃത്താണ്”. തങ്ങള്‍ക്കിടയില്‍ വളരെ മികച്ച സൗഹൃദം സൂക്ഷിക്കുന്നുവെന്ന് വെളിവാക്കുന്ന ട്രംപിന്റെ വാക്കുകളായിരുന്നു ഇത്.
”അദ്ദേഹം എന്നെക്കാള്‍ വളരെ കടുപ്പമേറിയ ഒരു ചര്‍ച്ചക്കാരനാണ്, എന്നെക്കാള്‍ വളരെ മികച്ച ഒരു ചര്‍ച്ചക്കാരനാണ്. ഞങ്ങള്‍ക്കിടയില്‍ ഒരു മത്സരം പോലും ഇല്ല”. മോദിയുടെ വാക്ചാതുരിയെ ട്രംപ് പ്രശംസിച്ചതിങ്ങനെ… ഈ ഏഴു കാര്യങ്ങളും മോദിയോടുള്ള ട്രംപിന്റെ അടുപ്പം വരച്ചുകാട്ടുന്നതായിരുന്നു.