
സുഡാനിൽ ആശുപത്രിക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു. ദാർഫർ മേഖലയിലെ എൽ ഫാഷറിൽ പ്രവർത്തിക്കുന്ന ആശുപത്രിക്കു നേരെയാണ് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടെന്നും നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
2023 ഏപ്രിൽ മുതലാണ് സുഡാനീസ് സൈനിക – അർധസൈനിക വിഭാഗങ്ങൾ തമ്മിൽ യുദ്ധം ആരംഭിച്ചത്. ഏത് വിഭാഗമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. വെള്ളിയാഴ്ച സൗദി ആശുപത്രിക്കു നേരെയും ബോംബാക്രമണം ഉണ്ടായിരുന്നു. എൽ ഫാഷറിൽ ആരോഗ്യ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ വ്യപകമാണ്. ശസ്ത്രക്രിയ സൗകര്യമുള്ള ഒരേയൊരു പൊതു ആശുപത്രിയായിരുന്നു സൗദി ഹോസ്പിറ്റലെന്നും അതാണ് ബോംബാക്രമണത്തിൽ ഇല്ലാതായതെന്നും മെഡിക്കൽ ചാരിറ്റി ഡോക്ടർമാർ പറഞ്ഞു. ഖാർത്തൂമിലെ സൈനിക തലസ്ഥാനത്ത് അർധസൈനിക സേന ഏർപ്പെടുത്തിയ ഉപരോധം സൈന്യം തകർത്തതോടെയാണ് എൽ ഫാഷർ മേഖലയിലെ ആശുപത്രിക്ക് നേരെ ആക്രമണമുണ്ടായത്.
രാജ്യത്തുടനീളമുള്ള 80 ശതമാനത്തോളം ആരോഗ്യ കേന്ദ്രങ്ങളും ഇപ്പോൾ നിലച്ചിരിക്കുകയാണ്. ഇരുസേനകളുടെയും യുദ്ധത്തിൽ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും രാജ്യത്തെ പകുതിയിലധികം ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്തിട്ടുണ്ട്.